കെ.എം.സി.സി പരിപാടിയിൽ പ്രസംഗിക്കുന്നതിന് ഫാത്തിമ തഹലിയക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ വിലക്ക്

കോഴിക്കോട്- ഖത്തറിൽ കെ.എം.സി.സി ചടങ്ങിൽ പ്രസംഗിക്കാനെത്തിയ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹലിയക്ക് ഇന്ത്യൻ എംബസി വിലക്ക്.  ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാവിംഗ് ഇക്കഴിഞ്ഞ എട്ടിന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാത്തിമ തഹലിയക്കാണ് എംബസി വിലക്ക് ഏർപ്പെടുത്തിയത്. ഫാത്തിമ തഹലിയയെ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിച്ചാൽ കെ.എം.സി.സിയുടെ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതർ നൽകി എന്നാണ് വിവരം. തുടർന്ന് ഫാത്തിമയെ പരിപാടിയിൽനിന്ന് കെ.എം.സി.സി  മാറ്റുകയും ചെയ്തു. എംബസി നിർദ്ദേശപ്രകാരമാണ് പരിപാടിയിൽനിന്ന് മാറ്റിയത് എന്ന് പുറത്തുപറയരുതെന്ന വിലക്കും തഹലിയക്കുണ്ട്. ഖത്തറിലുള്ള ഫാത്തിമ തഹലിയ അടുത്ത ദിവസം കേരളത്തിൽ തിരിച്ചെത്തും. 

 

ഫാത്തിമ തഹലിയക്ക് ഖത്തര്‍ വിമാനതാവളത്തില്‍ വനിതാ കെ.എം.സി.സി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം.

ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗാണ് അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ എംബ്രയിസ് 2024 എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു തഹലിയ. ഈ പരിപാടിയുടെ പ്രചാരണ ഭാഗമായുള്ള ഒരു വീഡിയോയിൽ ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെതിരെ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലം ചേർത്തിരുന്നു. ഇതാണ് എംബസിയെ പ്രകോപിപ്പിച്ചത്. 

''യൂണിഫോം സിവിൽ കോഡിലൂടെ മുസ്ലിംകൾ മാത്രമല്ല പ്രകോപിതരാവുന്നത്. ബി.ജെ.പി ഓർക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ആളുകൾ, ആദിവാസികൾ, ഗോത്ര വർക്കാർ, ഗിരിവർഗ്ഗക്കാർ ഇവരെയൊക്കെ പിണക്കി യൂണിഫോം സിവിൽ കോഡ് നടപ്പാക്കുക പ്രായോഗികമല്ല. ഇത് തന്നെയാണ് യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാനുള്ള ഏറ്റവും വലിയ പ്രതിസന്ധി....'

' എന്ന് പറയുന്ന വീഡിയോ പ്രസംഗമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.  

ഫാത്തിമ തഹലിയയുടെ പ്രസംഗഭാഗം ചൂണ്ടിക്കാട്ടിയാണ്  ഇന്ത്യൻ എംബസി വിലക്ക് ഏർപ്പെടുത്തിയതെന്ന് ഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്‌റഫ് തൂണേരി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

എംബസിയുടെ സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കെ.എം.സി.സി സംസ്ഥാന നേതാക്കളേയും ഐ.സി.സി ഭാരവാഹികളേയും വിളിച്ച് പരിപാടിയിൽ അഡ്വ. തഹ്‌ലിയയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ കെ.എം.സി.സിയുടെ ഇന്ത്യൻ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നുവെന്നും അഷ്‌റഫ് പറഞ്ഞു.

 

Latest News