അഹമ്മദാബാദ് - തിമിര ശസ്ത്രക്രിയ നടത്തിയ ഏഴ് പേർക്ക് കാഴ്ച നഷ്ടമായതായി പരാതി. ഗുജറാത്തിലെ പടാൻ ജില്ലയിലെ രാധൻപൂർ നഗരത്തിലെ സർവോദയ കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയവർക്കാണ് കാഴ്ച ചിലർക്ക് പൂർണമായും ചിലർക്ക് ഭാഗികമായും നഷ്ടപ്പെട്ടതായി പരാതി ഉയർന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
അതിനിടെ, ശസ്ത്രക്രിയയ്ക്ക് വിധേയരായ 13 പേരിൽ ചിലർക്ക് അണുബാധ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടായതായി ആശുപത്രി ട്രസ്റ്റി ഭാരതി വഖാരിയ പ്രതികരിച്ചു. ഇവരിൽ അഞ്ചുപേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ എം ആൻഡ് ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും രണ്ടുപേരെ മെഹ്‌സാന ജില്ലയിലെ വിസ്‌നഗർ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അന്വേഷണത്തിന് ഒരു സമിതിക്ക് രൂപം നൽകിയതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
'ഞങ്ങളുടെ ഓപ്പറേഷൻ തിയേറ്ററിലെ കൾച്ചർ റിപോർട്ട് സാധാരണമായിരുന്നു. ഇത് ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നുവെന്നും സർക്കാർ ഡോക്ടർമാരുടെ ഒരു സംഘം ഞങ്ങളുടെ ആശുപത്രി സന്ദർശിച്ച് കൂടുതൽ അന്വേഷണത്തിനായി സാമ്പിളുകൾ ശേഖരിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. 'പടാനിലെ തിമിര ശസ്ത്രക്രിയയ്ക്കുശേഷം അഞ്ച് രോഗികൾക്ക് മങ്ങിയ കാഴ്ചയും മറ്റ് പാർശ്വഫലങ്ങളായ കണ്ണുകളിൽ വെള്ളം നിറയൽ, ചുവന്ന പാടുകൾ എന്നിവയും ഉണ്ടായിട്ടുണ്ട്. ചികിത്സ തുടരുകയാണെന്ന് റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഉമംഗ് മിശ്ര പറഞ്ഞു.
ഒരുമാസത്തിനിടെ ഗുജറാത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി പത്തിന് അഹമ്മദാബാദ് ജില്ലയിലെ മണ്ഡൽ ഗ്രാമത്തിൽ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 17 വയോധികർക്ക് കാഴ്ച നഷ്ടമായിരുന്നു.