സന്‍ആ- ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് തലവേദനയാണ്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുംവിധം 30ലധികം ആക്രമണങ്ങളാണ് ഹൂത്തികള്‍ നടത്തിയത്. ഇത് ഇസ്രായിലിനെ പിന്തുണക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ക്ക് വാണിജ്യ രംഗത്ത് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
ഇതിന് പ്രതികാരമായി യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ശക്തമായ ആക്രമണം നടത്തിയിട്ടും കാര്യമൊന്നുമുണ്ടായിട്ടില്ല. അമേരിക്കന്‍ നാവിക കപ്പലുകള്‍ക്ക് നേരെ ഡ്രോണുകള്‍ പായിച്ചാണ് ഹൂത്തികള്‍ തിരിച്ചടിച്ചത്.
യെമനിലെ തങ്ങളുടെ മിസൈല്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവര്‍ മറച്ചുവെച്ചിട്ടില്ല.
ഇപ്പോള്‍ ഹൂത്തികളുടെ പുതിയൊരു ആക്രമണ പദ്ധതിയെക്കുറിച്ച വാര്‍ത്തകളാണ പാശ്ചാത്യ ലോകത്തിന്റെ ഉറക്ക് കളയുന്നത്. ചെങ്കടലിനടിയിലൂടെ കടന്നുപോകുന്ന, ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകമായ ആശയവിനിമയ കേബിളുകള്‍ തകര്‍ക്കുമെന്നാണ് ഭീഷണി.
ടെലിഗ്രാം ആപ്പില്‍ ഹൂത്തികളുമായി ബന്ധമുള്ള ഒരു ചാനല്‍ ചെങ്കടലിലെ കടലിനടിയിലെ കേബിള്‍ റൂട്ടുകള്‍ കാണിക്കുന്ന ഒരു മാപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഹൂത്തികള്‍ക്ക് ഈ കേബിളുകള്‍ അട്ടിമറിക്കാന്‍ കഴിയുമോയെന്നെ കാര്യത്തില്‍ സംശയമുണ്ടെങ്കിലും കഴിഞ്ഞാല്‍ അത് വലിയ തിരിച്ചടിയായിരിക്കും.
കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് കേബിളുകളുടെ സംഗമസ്ഥാനം കാണിക്കുന്ന ഭൂപടങ്ങള്‍ തങ്ങള്‍ ആക്‌സസ് ചെയ്തതായി സംഘം അവകാശപ്പെടുന്നു. ലോകത്തിലെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 17% വഹിക്കുന്ന ഫൈബര്‍ കേബിളുകള്‍, ഭൂരിഭാഗവും ഉപരിതലത്തില്‍നിന്ന് നൂറുകണക്കിന് മീറ്ററുകള്‍ക്ക് താഴെയാണ്. ഇത് മുങ്ങല്‍ വിദഗ്ധര്‍ക്ക് അപ്രാപ്യവുമാണ്.
യു.എസിനും റഷ്യക്കും അവ വെട്ടിമുറിക്കാനുള്ള നാവിക ശേഷിയുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മദര്‍ഷിപ്പില്‍ നിന്ന് ആഴക്കടലില്‍ മുങ്ങുന്ന ഒരു ഉപകരണം വിന്യസിക്കുകയും സമുദ്രത്തിന്റെ അടിത്തട്ടിലെ കേബിളുകള്‍ വേര്‍പെടുത്താന്‍
ഒരു ഭീമാകാരമായ കത്രിക ഉപയോഗിക്കുന്നതുമാണ് യു.എസ് പദ്ധതി. എന്നാല്‍ ഹൂത്തികള്‍ക്ക് ഇത് ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.
ഇത് ഒരു മണ്ടത്തരമാണെന്ന് ഞാന്‍ വിലയിരുത്തുന്നു - മുന്‍ റോയല്‍ നേവി അന്തര്‍വാഹിനി കമാന്‍ഡര്‍ റിയര്‍ അഡ്മിന്‍ ജോണ്‍ ഗവര്‍ പറയുന്നു. 'ഇതിന് കഴിവുള്ള ഒരു സഖ്യകക്ഷി ആവശ്യമാണ്, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും സഹായത്തോടെയാണ് ഹൂതികള്‍ മിസൈലുകളുടെയും ഡ്രോണുകളുടെയും ശക്തമായ ആയുധശേഖരം ഉണ്ടാക്കിയത്. എന്നാല്‍ കേബിളുകള്‍ മുറിക്കാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിയില്ല. പക്ഷെ എന്താണ് ഹൂത്തികളുടെ മനസ്സിലെന്ന് ആര്‍ക്കുമറിയില്ല. അത് തന്നെയാണ് പാശ്ചാത്യരെ അങ്കലാപ്പിലാക്കുന്നതും.