മുസാഫര്‍പൂര്‍, ബിഹാര്‍- ആദ്യരാത്രി വധുവിനെ തനിച്ചാക്കി വരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. മുസാഫര്‍പൂരിലാണ് സംഭവം. ഭഗല്‍പൂരി ബാങ്കിലെ ജീവനക്കാരനായ വിശ്വജിത്ത് ഷാഹിയുടെ മകന്‍ ആദിത്യ ഷാഹിയാണ് വിവാഹം ദിവസം രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഫെബ്രുവരി നാലിനായിരുന്നു ആദിത്യ ഷാഹിയുടെ വിവാഹം. വിവാഹ ശേഷം ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രി മുതല്‍ വരനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ആദിത്യ ഷാഹിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വരന്റെ ഫോണ്‍ ഓണ്‍ ആയത്.
ഇതോടെ ഫോണ്‍ ട്രാക്ക് ചെയ്ത് വരന്‍ നില്‍ക്കുന്ന സ്ഥലം പോലീസ് കണ്ടെത്തി. പിന്നാലെ ആദിത്യനെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്ന് പോകുന്ന സമയത്ത് സമീപത്തെ എടിഎമ്മില്‍ നിന്ന് ഇയാള്‍ 50,000രൂപ പിന്‍വലിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആദ്യം പട്‌നയിലേക്കാണ് ഇയാള്‍ ബസ് മാര്‍ഗം പോയത്. പിന്നെ അവിടെ നിന്ന് ദനാപൂരിലേക്ക് പോയി. ഇവിടെ ഒരു രാത്രി തങ്ങിയ ശേഷം രാവിലെ വീണ്ടും പട്‌നയിലേക്ക് വന്നു. ഈ സമയമെല്ലാം ഫോണ്‍ ഓഫ് ആയിരുന്നു. ഇവിടെ നിന്ന് ബിഹാറിലെ അരായിലേക്ക് പോകാനായിരുന്നു വരന്റെ പദ്ധതി. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെ പോലീസ് പിടികൂടി. ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.