ഇസ്ലാബാദ്- പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് വിജയം അവകാശപ്പെട്ടതിനു പിന്നാലെ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും വിജയം അവകാശപ്പെട്ടു.
തന്റെ പാര്‍ട്ടി വോട്ടെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി മാറിയെന്നും സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് നവാസ് ശരീഫ് പറഞ്ഞത്.
പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇംറാന്‍ ഖാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച ഓഡിയോ വിഷ്വല്‍ സന്ദേശത്തിലാണ് പൊതു തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ടത്. സന്ദേശം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചു.
പാര്‍ട്ടി നേടിയ വിജയം ആഘോഷിക്കാന്‍ ഇംറാന്‍ ഖാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. നവാസ് ശരീഫിനെ ഒരു പാകിസ്ഥാനിയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലായിരുന്നിട്ടും ഇംറാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വ്യാഴാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു.
അതേസമയം, തന്റെ പാര്‍ട്ടി എത്ര സീറ്റുകള്‍ നേടിയെന്ന് ശരീഫ് വെളിപ്പെടുത്തിയിട്ടില്ല, വോട്ടെടുപ്പ് നടന്ന 265 സീറ്റുകളില്‍ അവസാനത്തെ കുറച്ച് സീറ്റുകളില്‍ വോട്ടെണ്ണല്‍ തീര്‍ന്നിട്ടില്ല.
തെരഞ്ഞെടുപ്പ് പാനല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) 61 സീറ്റുകളാണ് നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ 133 സീറ്റ് വേണം.
തന്റെ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ഇല്ലെന്നും സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രതിനിധികള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉള്‍പ്പെടെയുള്ള നേതാക്കളെ കാണുമെന്നും ശരീഫ് പറഞ്ഞു.