ന്യൂദല്‍ഹി- നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിനോട് യോജിക്കാത്ത ചിലര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയിലുണ്ടെന്ന് കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്് സമതാ പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു. എന്നാല്‍ ഇത് ആരൊക്കെയാണ് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇവര്‍ ബിഹാറില്‍ നിന്നുള്ളവരാണോ എന്ന ചോദ്യത്തിന് അവര്‍ എന്‍.ഡി.എയിലുള്ളവരാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് സമതയ്ക്ക് രണ്ടു സീറ്റുകള്‍ മാത്രമെ ബി.ജെ.പി നല്‍കൂവെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് കുശ്‌വാഹ പറഞ്ഞത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ബിഹാറില്‍ ശനിയാഴ്ച 'പായസ സന്ദേശം' എന്ന പേരില്‍ പാര്‍ട്ടിയുടെ ജില്ലാ തല പൊതു യോഗങ്ങള്‍ തുടങ്ങും. നേരത്തെ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കാന്‍ കുശ് വാഹയുടെ പാര്‍ട്ടി ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 'കുശ്‌വംശികളുടെ അരിയും യദുവംശികളുടെ പാലും ചേര്‍ത്ത് മികച്ച പായസമുണ്ടാക്കാം' എന്ന കുശ് വാഹയുടെ പ്രസ്താവനയാണ് ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം. വിവിധ സാമുദായിക വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സാമൂഹിക ഐക്യം എന്ന സന്ദേശമാണ് 'പൈഗാമെ ഖീര്‍' (പായസ സന്ദേശം) എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.