തിരുവനന്തപുരം - വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരേ നിലപാട് തുടരണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം, കാലത്തിന് അനുസൃതമായി കൂടുതൽ ഗുണപരമായ മാറ്റങ്ങൾ ആവാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ഇത് പ്രധാന കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ സ്വകാര്യ വിദേശ സർവലാശാലകൾക്ക് സംസ്ഥാന സർക്കാർ പച്ചക്കൊടി വീശുന്നതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിമർശങ്ങളോടായാണ് മന്ത്രിയുടെ പ്രതികരണം.
നരേന്ദ്ര മോഡി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാമെന്നും മന്ത്രി ഓർമിപ്പിച്ചു. എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാറിന്റേത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി ഒരിക്കലും പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഡൽഹിയിലെ കേരളത്തിന്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.