ന്യൂദൽഹി- സഹപാഠികളെക്കൊണ്ട് അധ്യാപിക മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന് വീണ്ടും സുപ്രീം കോടതി വിമർശം. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും കൗൺസിലിംഗ് നൽകണമെന്ന നിർദേശം ഉത്തർപ്രദേശ് സർക്കാർ പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബഞ്ച് വിമർശിച്ചു. തങ്ങളുടെ നിർദേശങ്ങൾ പൂർണമായി ലംഘിച്ചതായി സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം പരിശോധിച്ചതിൽനിന്ന് മനസ്സിലാകുമെന്ന് ബഞ്ച് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും കൗൺസിലിംഗ് നൽകിയിട്ടില്ലെന്ന് ബഞ്ച് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും പങ്കാളികൾക്കും സാക്ഷികൾക്കും കൗൺസിലിംഗ് ആവശ്യപ്പെടുന്ന ടിസ്സിന്റെ പുതിയ റിപോർട്ട് തങ്ങൾ പരിശോധിച്ചു. സംസ്ഥാന സർക്കാർ ഇതൊന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സമയം വൈകിയെന്നും കോടതി പറഞ്ഞു.
സംഭവത്തിന് സാക്ഷികളായ കുട്ടികൾക്കുള്ള പ്രത്യേകം നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കാൻ ഉത്തർപ്രദേശ് സർക്കാറിനോട് നിർദ്ദേശിക്കുന്നുവെന്ന് ബഞ്ച് ഉത്തരവിൽ പറഞ്ഞു. വിഷയത്തിൽ ഈ മാസം 28നകം സത്യവാങ്മൂലം സമർപ്പിക്കാനും മാർച്ച് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും ബഞ്ച് അറിയിച്ചു. മറ്റു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.