ലഖ്‌നൗ- ഉത്തർപ്രദേശിലെ ബറേലിയിൽ സംഘർഷം. ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് ആരാധനക്ക് അവസരം നൽകിയതുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച ഇത്തിഹാദ് ഇമില്ലത്ത് കൗൺസിൽ തലവൻ തൗഖീർ റസാ ഖാനെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് കാരണം. റസാഖാന്റെ ആയിരക്കണക്കിന് അനുയായികൾ തെരുവിലിറങ്ങി. ഗ്യാൻവാപി വിഷയത്തിൽ ജയിൽ നിറക്കൽ സമരത്തിനാണ് റസാഖാൻ ആഹ്വാനം ചെയ്തിരുന്നത്. തന്നെ പോലെ അറസ്റ്റ് വരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെയും മഥുരയിലെ ഷാഹി ഈദ്ഗാ പള്ളിയുടെയും മേലുള്ള അവകാശവാദം മുസ്‌ലിംകൾ ഉപേക്ഷിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് തൗഖീർ റസാഖാൻ സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം റാസാ ഖാന്റെ ആയിരക്കണക്കിന് അനുയായികൾ തെരുവിലിറങ്ങി.
ക്രമസമാധാനം നിലനിർത്താൻ ആയിരത്തോളം പോലീസുകാർ നിലയുറപ്പിച്ചിരുന്നു. നഗരത്തിലെ എല്ലാ പ്രധാന കവലകളും എക്‌സിറ്റ് പോയിന്റുകളും പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആറ് അഡീഷണൽ പോലീസ് സൂപ്രണ്ടുമാരും 12 സർക്കിൾ ഓഫീസർമാരും രംഗത്തുണ്ട്.BREAKING : Renowned Scholar Maulana Tauqeer Raza arrested in Bareilly after he called for a '#JailBharo' andolan on the #GyanvapiMasjid case | Mirror Now#Bareilly | #ReleaseMuftiSalmanAzahri | #MaulanaTauqeerRaza pic.twitter.com/j3fPpxIiJX
— Mister J. - مسٹر جے (@Angryman_J) February 9, 2024
വ്യാഴാഴ്ച വൈകുന്നേരം സംഘർഷമുണ്ടായ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയുടെ അതിർത്തിയാണ് ബറേലി.
സർക്കാരിന് അക്രമമാണ് ആവശ്യമെങ്കിൽ ഞങ്ങൾ അതിനും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം റസാഖാൻ പറഞ്ഞിരുന്നു. ഞങ്ങൾ പോലീസിനെയോ വെടിയുണ്ടകളെയോ ഭയപ്പെടുന്നില്ല. മദ്‌റസകൾക്ക് മുകളിലൂടെ സർക്കാർ ബുൾഡോസർ ഓടിക്കുന്നു. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.