അഹമ്മദാബാദ് - ഗുജറാത്ത് വശംഹത്യക്കിടെ നടന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതിക്ക് പരോൾ. സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തിയ പ്രതിയ്ക്കാണ് 15 ദിവസത്തിനകം പരോൾ ലഭിച്ചത്. ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രതീപ് മോഡിയയ്ക്കാണ് പരോൾ ലഭിച്ചത്.
ഗുജറാത്ത് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോൾ.
ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എം.ആർ മെൻഗ്‌ദേയാണ് പ്രതീപ് മോഡിയയുടെ പരോൾ അപേക്ഷ പരിഗണിച്ചത്. ഒരുമാസത്തെ പരോളിനാണ് പ്രതി ആവശ്യപ്പെട്ടിരുന്നത്. ജയിലിൽ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്നുള്ള അധികൃതരുടെ സാക്ഷ്യപ്പെടുത്തലും കോടതി നിർദേശമനുസരിച്ച് സമയത്ത് ജയിലിൽ തിരികെയെത്തിയതും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
2002-ലെ ഗുജറാത്ത് വംശഹത്യയിൽ അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് ബിൽക്കിസ് ബാനു ബലാത്സംഗത്തിന് ഇരയായത്. ബിൽക്കിസ് ബാനുവിനെയും കുടുംബത്തെയും അതിക്രൂരമായി വേട്ടയാടിയ സംഭവത്തിൽ ബിൽക്കിസ് ബാനുവും രണ്ട് മക്കളും ഒഴികെ ബാക്കിയുള്ളവരെയെല്ലാം അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു.