എടപ്പാൾ - പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. ഇതേ തുടർന്ന് സ്‌കൂളുകൾ അടച്ചു. സ്‌കൂളുകളിൽ കൂട്ടത്തോടെ വിദ്യാർത്ഥികൾക്ക് രോഗം പടർന്നതോടെയാണ് സ്‌കൂളുകൾ അടച്ചത്.
പനി, തൊണ്ടവേദന, തലവേദന, സന്ധിവേദന, കവിളിനോട് ചേർന്ന് വീക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സ്‌കൂളുകൾ അടച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ ചില ഭാഗങ്ങളിലാണ് രോഗം റിപോർട്ട് ചെയ്തിരുന്നത്. എന്നാൽ സ്‌കൂളുകളിൽ കുട്ടികൾക്ക് കൂട്ടത്തോടെ രോഗം പടർന്നു പിടിക്കുകയായിരുന്നു. ചെവിക്ക് താഴെയുള്ള ഗ്രന്ഥികളെയാണ് രോഗം ബാധിക്കുന്നത്. അടുത്ത സമ്പർക്കം രോഗം പടർന്നുപിടിക്കാൻ കാരണമാകും എന്നതിനാൽ ആരോഗ്യ വകുപ്പ് ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.
കുട്ടികളിൽ വ്യാപകമായി കാണപ്പെടുന്ന രോഗം അപകടകരമല്ലെങ്കിലും മുതിർന്നവരിൽ മറ്റു ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശ്രമം, ഉറക്കം ഇവയാണ് രോഗശമനത്തിന് വേണ്ടതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.