Sorry, you need to enable JavaScript to visit this website.

മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് ഭാരത രത്‌ന പ്രഖ്യാപിച്ച് മോഡി

ന്യൂദൽഹി- മുൻ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചരൺ സിംഗ്, ശാസ്ത്രജ്ഞൻ ഡോ എം.എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്‌നം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. 1991 മുതൽ 1996 വരെ പ്രധാനമന്ത്രിയായിരുന്ന റാവു, ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാരത് രത്‌ന സമ്മാനിച്ചത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ചരൺസിംഗ്, 1979ൽ പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥൻ ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ശില്പി എന്നാണ് അറിയപ്പെടുന്നത്.

'നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് പങ്കിടുന്നതിൽ സന്തോഷമുണ്ട്- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു ഇന്ത്യയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം, ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചു. രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകി.

രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനെ ഭാരതരത്‌നം നൽകി ആദരിക്കുന്നത് നമ്മുടെ സർക്കാരിന്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾക്ക് ഈ ബഹുമതി സമർപ്പിക്കുന്നു. തന്റെ ജീവിതം മുഴുവൻ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം സമർപ്പിച്ചുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൃഷിയിലും കർഷക ക്ഷേമത്തിലും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്‌നം നൽകുന്നതിൽ അത്യധികം സന്തോഷമുണ്ട്. ഇന്ത്യയെ കാർഷിക രംഗത്ത് നിർണായക നേട്ടങ്ങൾ കൈവരിക്കുന്നതിന് അദ്ദേഹം സഹായിച്ചുവെന്നും മോഡി എക്‌സിൽ കുറിച്ചു.
 

Latest News