ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കുന്നില്ലെന്ന് കാണിച്ച് കേരളം സുപ്രീം കോടതിയില്‍ നല്കിയ കേസില്‍ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേരളം മറുപടി നല്കി. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രീം കോടതിയില്‍ കേരളം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റെതാണെന്നും കേരളം പറഞ്ഞു. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുകയാണ് കേരളം ചെയ്തത്. കേസ് അടുത്തദിവസം പരിഗണിക്കും.