Sorry, you need to enable JavaScript to visit this website.

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

വാഷിംഗ്ടണ്‍- ബ്രാ ധരിക്കാത്തതിനാല്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടുമന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യാത്രക്കാരി. ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെയാണ് യു.എസ് വനിതയുടെ  പരാതി. തനിക്കുണ്ടായ ദുരനുഭവം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എല്ലാവരും വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം തന്നെ ഉച്ചത്തില്‍ മുന്നിലേക്ക് വിളിച്ച് വസ്ത്രത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന് യാത്രക്കാരി പറയുന്നു.  
സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിലാണ് ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ശരീരം മൂടാനോ അല്ലെങ്കില്‍ ഇറങ്ങി പോകാനോ യാത്രക്കാരിയോട് ആവശ്യപ്പെട്ടത്.  ബാഗി ടീഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും ബ്രാ ധരിക്കാത്തതിനാണ് ജീവനക്കാര്‍ അപമാനിച്ചതെന്നും ലിസ ആര്‍ച്ച്‌ബോള്‍ഡ് പറയുന്നു. വിമാനത്തില്‍ വെച്ച് വിവേചനം കാണിക്കുകയും അപമാനിക്കുകയും ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ നയമാണെന്നാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്.
യുവതിയുടെ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തിന് ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
യൂട്ടായിലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിമാനത്തില്‍ തനിക്ക് വിവേചനം നേരിട്ടതെന്ന് ലിസ ആര്‍ച്ച്‌ബോള്‍ഡ് യാഹൂവില്‍ കുറിച്ചു. എല്ലാവരും വിമാനത്തില്‍ കയറിയതിന് ശേഷമാണ് ഒരു  ജീവനക്കാരി വിമാനത്തിന്റെ മുന്നിലേക്ക് ഉറക്കെ വിളിച്ചുവരുത്തി വസ്ത്രത്തിന്റെ പേരില്‍ അപമാനിച്ചത്. ജോലിക്കാര്‍ തന്റെ വസ്ത്രത്തെ 'അപകടകരം' എന്ന് വിളിക്കുകയും ജാക്കറ്റ് ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകള്‍ മൂടിവെക്കണം എന്നതാണ് ഡെല്‍റ്റ എയര്‍ലൈനിലെ ഔദ്യോഗിക നയമെന്നാണ് വിവേചനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ജീവനക്കാരന്‍ മറുപടി നല്‍കിയത്.  
മോശമായി പെരുമാറിയതിന് ഡെല്‍റ്റ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞെങ്കിലും അവര്‍ തെറ്റാണ് ചെയ്തതെന്ന് സമ്മതിച്ചിട്ടില്ലെന്ന് യുവതി പരാതിപ്പെട്ടു.  

 

 

Latest News