തെല്‍അവീവ്- കൃത്യമായ ആസൂത്രണമില്ലാതെ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് സൈനിക നീക്കം നടത്തുന്നത് ദുരന്തമായി മാറുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. റഫയില്‍ കരയുദ്ധത്തിന് തയാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ വ്യോമാക്രമണം ശക്തമാക്കിയിരിക്കയാണ്.
പത്ത് ലക്ഷത്തോളം ആളുകള്‍ അഭയം തേടയിരിക്കുന്ന പ്രദേശത്ത് ആസൂത്രണമില്ലാതെയും കാര്യമായ ചിന്തയുമില്ലാതെയും ഇപ്പോള്‍ സൈനിക നടപടിക്ക് മുതിരുന്നത് ദുരന്തമായി മാറുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. ഈ സൈനിക നടപടിക്കായി ഗൗരവമായ ആസൂത്രണം നടത്തിയതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഗാസ വെടിനിര്‍ത്തലിനും ബന്ദി മോചന ചര്‍ച്ചക്കുമായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാലു ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് വെറും കൈയോടെ മടങ്ങി. വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിപ്പിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹുവിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പൂര്‍ണ വിജയം നേടാതെ യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി.
സൗദി, ഖത്തര്‍, ഈജിപ്ത് സന്ദര്‍ശന ശേഷം ബ്ലിങ്കന്‍ ഇസ്രായിലില്‍ എത്തിയ ദിവസമാണ് നെതന്യാഹു വാര്‍ത്തസമ്മേളനം നടത്തി എല്ലാ ഹമാസ് സമ്മതിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിയത്.
ഗാസ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായിലിന് പൂര്‍ണ പിന്തുണയും സൈനിക,സാമ്പത്തിക സഹായവും നല്‍കിയിരുന്നെങ്കിലും സംഘര്‍ഷം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന നിലപാടിലാണ് അമേരിക്ക ഇപ്പോള്‍. ബന്ദി മോചനത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്രായിലിലും അഭിപ്രായം ശക്തമാണെങ്കിലും തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹുവിന് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. യുദ്ധം അവസാനിച്ചാല്‍ നെതന്യാഹുവിന് ഭരണം വിട്ടൊഴിയേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇസ്രായിലിന്റെ കടുംപിടിത്തത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചെങ്കടലിലെ ഹൂതികളുടെ അക്രമം ചെറുക്കാന്‍ കഴിയാത്തതും അറബ് രാജ്യങ്ങളുമായി ബന്ധം വഷളാകുന്നതും പശ്ചിമേഷ്യയിലെ പിടി അയയുന്നതും പ്രസിഡന്റ് ബൈഡനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.