ദുബായ്- യു.എ.ഇയില്‍ കഴിഞ്ഞ ദിവസം മരിച്ച പ്രവാസികളില്‍ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതായി പ്രവാസി സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. മൃതദേഹം വിമാനത്തില്‍ നാട്ടിലേക്ക് അയക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം സങ്കടപ്പെടുത്തുന്ന കുറിപ്പെഴുതിയത്.
ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങള്‍ക്കകം അവരുടെ മുന്നില്‍ കുഴഞ്ഞുവീണായിരുന്നു യുവാവിന്റെ ദാരണ മരണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങള്‍ കടന്ന് പോകവേ ദുഃഖത്തിന്റെ ദിനം വന്നെത്തി.
ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയുടെയും കുട്ടികളുടേയും മുന്നില്‍ അദ്ദേഹം കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആ കുടുംബത്തില്‍ സന്തോഷത്തിന്റെ രണ്ടു ദിനങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാല്‍ പോവുകയല്ലാതെ എന്ത് ചെയ്യും..... മരണത്തിന്റെ മാലാഖ വന്നെത്തിയാല്‍ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്.
നമ്മില്‍ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന് അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ.... അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ക്ഷമയും സഹനവും നല്കി അനുഗ്രഹിക്കുമാറാകട്ടെ......