ചെന്നൈ- കുടുംബ കോടതിയില്‍ വിവാഹ മോചന കേസ് നിലനില്‍ക്കെ അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് വ്യാജ പരാതി നല്‍കിയ അമ്മയ്ക്ക് പോക്‌സോ കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചു. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് കുട്ടിയുടെ അമ്മയെ പോക്‌സോ കോടതി ശിക്ഷിച്ചത്. ആറായിരം രൂപ പിഴയും അടക്കാന്‍ കോടതി ഉത്തരവിട്ടു.
ആറു വര്‍ഷം മുമ്പാണു മകളുടെ ഗര്‍ഭത്തിന് അച്ഛനാണ് ഉത്തരവാദിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ലാബ് റിപ്പോര്‍ട്ടും ഡോക്ടറുടെ റിപ്പോര്‍ട്ടും വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ലാബിന്റെ പേരിലാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതെന്നും കണ്ടെത്തി.
അമ്മയ്‌ക്കെതിരെ മകളും കോടതിയില്‍ മൊഴി കൊടുത്തു. ഇതേത്തുടര്‍ന്ന് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.