ജിദ്ദ - സവാള വിലക്കയറ്റവും ദൗര്‍ലഭ്യവും സൗദിയില്‍ മാത്രമല്ല, ലോകത്തെ നിരവധി രാജ്യങ്ങളില്‍ നേരിടുന്ന പ്രശ്‌നമാണെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് പറഞ്ഞു. സൗദിയില്‍ സവാള ക്ഷാമം പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ല. കഴിഞ്ഞ കൊല്ലം രാജ്യത്ത് സവാള ഉപഭോഗം 7,02,000 ടണ്‍ ആയിരുന്നു. ഇതില്‍ 3,65,000 ടണ്‍ പ്രാദേശികമായി ഉല്‍പാദിപ്പിച്ചു. ആകെ ഉപഭോഗത്തിന്റെ 52 ശതമാനം പ്രാദേശികമായി ഉല്‍പാദിപ്പിക്കുകയായിരുന്നു. ശേഷിക്കുന്ന കമ്മി വിദേശത്തു നിന്നുള്ള ഇറക്കുമതിയിലൂടെ നികത്തി.
ആഗോള തലത്തില്‍ സവാള വില ഉയര്‍ന്നതും സവാള കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി. ഇത് ചില രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള സവാള ഇറക്കുമതി കുറയാന്‍ ഇടയാക്കി. പ്രാദേശിക വിപണിയില്‍ സവാള ലഭ്യത നിരീക്ഷിക്കാനും രാജ്യത്ത് സവാള കൃഷി പ്രോത്സാഹിപ്പിക്കാനും ഇറക്കുമതിക്കാരുമായുള്ള കരാറുകള്‍ നിരീക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ഫെഡറേഷന്‍ ഏകോപനം നടത്തുന്നുണ്ട്. പുതിയ ചില രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതിക്ക് ശ്രമങ്ങളും നടത്തുന്നുണ്ട്.
വിദേശ രാജ്യങ്ങളില്‍ ഒന്ന് മൂന്നു മാസത്തേക്ക് സവാള കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ പ്രത്യാഘാതങ്ങള്‍ ഫെഡറേഷനിലെ ദേശീയ കാര്‍ഷിക കമ്മിറ്റിയുമായി സഹകരിച്ച് ഭക്ഷ്യ ചരക്ക് സുലഭതാ കമ്മിറ്റി ഒക്‌ടോബറില്‍ പഠിച്ചിരുന്നു. പ്രാദേശിക സവാള ലഭ്യതയും സ്റ്റോക്കും നിരീക്ഷിക്കണമെന്നും കാര്‍ഷിക വികസന നിധി വായ്പകള്‍ നല്‍കി സവാള കൃഷിക്ക് പ്രാദേശിക കര്‍ഷകരെ പ്രോത്സാഹിപ്പിക്കണമെന്നും അന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത് സവാള ഇളക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കണമെന്നും പ്രാദേശിക വിപണിയില്‍ സ്ഥിരമായി ലഭ്യമാക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇറക്കുമതിക്കാരോടും ആവശ്യപ്പെട്ടു. പ്രാദേശികമായി കൃഷി ചെയ്യുന്ന സവാളയുടെ വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഈ മാസം സൗദി വിപണിയില്‍ സവാള വിലയില്‍ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്