തിരുവനന്തപുരം- ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിലൊന്ന് കേരളത്തിലെ വര്‍ക്കല. സഞ്ചാരികളുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ലോണ്‍ലി പ്ലാനറ്റി'ന്റെ ബീച്ച് ഗൈഡ് ബുക്കാണ് വര്‍ക്കല പാപനാശത്തെ മികച്ച ബീച്ചുകളിലൊന്നായി തെരഞ്ഞെടുത്തത്.
ഗോവയിലെ പലോലം, ആന്‍ഡമാനിലെ സ്വരാജ് ബീച്ച് എന്നിവയും പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ കടല്‍ത്തീരങ്ങളാണ്.
പാപനാശം എന്നുകൂടി അറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം മറ്റു പല സ്ഥലങ്ങള്‍ പോലെ 'ദക്ഷിണ കാശി'യെന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
മനോഹരമായ കടല്‍ത്തീരത്തിനു പുറമേ ശിവഗിരി മഠവും നാരായണ ഗുരുകുലവും ഉള്‍പ്പെടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഇടമാണ് വര്‍ക്കല. അതോടൊപ്പം ലവണ ജല ഉറവ, ആയുര്‍വേദ റിസോര്‍ട്ടുകള്‍, പ്രകൃതി- ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പ്രദേശത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
പാരാസെയിലിംഗ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും സൗകര്യമുള്ള പ്രദേശമാണ് വര്‍ക്കലയും ബീച്ചും.