ന്യൂദല്‍ഹി- മാലദ്വീപിലെ വ്യോമയാന സങ്കേതങ്ങളില്‍ തമ്പടിച്ചിരിക്കുന്ന സൈനികര്‍ക്ക് പകരം വിദഗ്ധരായ ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. മാലെയില്‍നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ മുഹമ്മദ് മുയിസ്സുവിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപ് സര്‍ക്കാരിന്റെ ഔപചാരിക അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി.
അഭ്യര്‍ഥന പരിഗണിച്ച് ഫെബ്രുവരി 2 ന് ന്യൂദല്‍ഹിയില്‍ രണ്ടാമത്തെ ഉന്നതതല ഗ്രൂപ്പ് യോഗം നടന്നു. മൂന്നാമത്തെ യോഗം ഈ മാസം അവസാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് -എംഇഎ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ തലസ്ഥാനത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്ക് പകരം കഴിവുള്ള ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു - ജയ്‌സ്വാള്‍ പറഞ്ഞു.
മാലദ്വീപിലെ മൂന്ന് വ്യോ മയാന പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ മാര്‍ച്ച് 10 നകം ഇന്ത്യ സൈനികരെ മാറ്റിസ്ഥാപിക്കുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെയ് 10 നകം സൈനികരെ പൂര്‍ണമായി പിന്‍വലിക്കും.