ന്യൂദല്‍ഹി - ഗവര്‍ണര്‍ക്കു കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിനു ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അംഗീകാരത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിനുപോലും ക്ഷണിക്കാത്തവരാണ് ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കേരള ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്നും മിക്കപ്പോഴും അദ്ദേഹം പുറത്താണെന്നുമാണു പിണറായി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹി ജന്തര്‍ മന്തറില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ കേരളത്തില്‍ വന്നാലും നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ പോലും സമയമില്ല. ഇന്നും ദല്‍ഹിയിലുണ്ട് അദ്ദേഹം. ചിലര്‍ ചോദിച്ചു നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ അദ്ദേഹമെന്ന്. ഇനി വന്നാലും അദ്ദേഹം റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.