തലശ്ശേരി- തലശ്ശേരിയില്‍ മുക്കുപണ്ട പണയ തട്ടിപ്പ് വ്യാപകമാവുന്നു. ഇതിനോടകം മുക്കുപണ്ടം വെച്ച് പണം തട്ടിയ 30ഓളം പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ വിരലിലെണ്ണാവുന്ന പരാതികള്‍ മാത്രമേ പോലീസില്‍ എത്തിയിട്ടുള്ളൂ.
നിട്ടൂര്‍ സ്വദേശി അബ്ദുല്‍ നവാസാണ് (50) മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്നതിന്റെ സൂത്രധാരന്‍. ഏറ്റവും ഒടുവില്‍ തലശ്ശേരി സഹകരണ റൂറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് അബ്ദുല്‍ നവാസ് ഒരു ലക്ഷം രൂപ വാങ്ങിയ പരാതിയാണ് തലശ്ശേരി പോലീസിന് ലഭിച്ചത.്
അബ്ദുല്‍ നവാസിന്റെ അയല്‍വാസിയായ എം. എം. രവീന്ദ്രകുമാറിനെ ഉപയോഗിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തലശ്ശേരി സഹകരണ റൂറല്‍ ബാങ്കില്‍ നിന്ന് തന്നെ ഒരു ലക്ഷം രൂപ രവീന്ദ്രകുമാര്‍ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ പരാതിയില്‍ രവീന്ദ്രകുമാറിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. സമാന തട്ടിപ്പ് നടത്താന്‍ ഇയാളുടെ പരിചയക്കാരായ സ്ത്രീകളെയും ഉപയോഗിച്ചതായി ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം ചിറക്കരയിലെ ഡോക്ടര്‍മാരുടെ സഹകരണ സംഘത്തില്‍ നിന്നും ഒന്നേ കാല് ലക്ഷം രൂപ മുക്കുപണ്ടം പണയം വെച്ച് അബ്ദുല്‍ നവാസ് വായ്പ എടുത്തിരുന്നു. സഹകരണ സംഘങ്ങളുടെ സെക്രട്ടറിമാരുടെ വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ വന്നതോടെയാണ് പോലീസില്‍ പരാതിയുമെത്തിയത.് ചിറക്കര ഡോക്ടേര്‍സ് സഹകരണ സംഘത്തില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നവാസിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 406, 420 വകുപ്പ് പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തിരുന്നു.
മുക്കുപണ്ട പണയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ലോക്കറുകളിലെ പണയ സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ച് വരികയാണ്.
ഒറ്റ നോട്ടത്തിലും ഉരച്ച് നോക്കിയാലും പെട്ടെന്ന് തിരിച്ചറിയാനാവാത രീതിയിലാണ് മുക്കുപണ്ടം തയ്യാറാക്കുന്നത.് തിരക്കുള്ള സഹകരണ സംഘങ്ങളിലും മറ്റും പണയ പണ്ടങ്ങള് സൂക്ഷ്മ പരിശോധന നടത്താന്‍ അപ്രൈസര്‍മാര്‍ക്ക് വേണ്ടത്ര സമയം ലഭിക്കാറില്ല. ഇത്തരത്തിലുള്ള പഴുതുകള്‍ മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങള്‍ ബാങ്കുകളിലെത്തുന്നത.്
കാലാവധി കഴിഞ്ഞാലും ഇത്തരത്തിലുള്ള പണയ ആഭരങ്ങള്‍ തിരിച്ചെടുക്കാതെ വരുമ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ പരിശോധന നടത്തുകയാണ്. ഈ സമയത്താണ് കബളിക്കപ്പെട്ട കാര്യം അറിയുന്നത.് അതിനാല്‍ തലശ്ശേരി മേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കര്‍ശന നിര്‍ദേശമാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത.് തിരക്കുള്ള സമയങ്ങളില്‍ സ്വര്‍ണ്ണ പണയ വായ്പ അനുവദിക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയേ വായ്പ അനുവാദിക്കാവൂവെന്നും നിര്‍ദേശത്തിലുണ്ട്.