ഇസ്‌ലാമാബാദ് -തെരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സ്‌ഫോടനം നടന്നത്. ബലൂചിസ്ഥാനില്‍ റോഡരികില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
ഇന്നലെയും ബലൂചിസ്ഥനില്‍ ഇരട്ട സ്‌ഫോടനം ഉണ്ടായിരുന്നു. ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും ടാങ്ക് ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സൗകര്യം നിര്‍ത്തലാക്കി. തെരഞ്ഞെടുപ്പില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താതിരിക്കാനാണ് താത്കാലിക നിരോധമെന്നാണ് വിശദീകരണം. കൂടാതെ ഇറാനും അഫ്ഗാനുമായുള്ള അതിര്‍ത്തികളും അടച്ചു. 650,000 സുരക്ഷ ഉദ്യോഗസ്ഥരെയും അതിര്‍ത്തി പ്രദേശങ്ങളിലടക്കം വിന്യസിച്ചിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ലാഹോറില്‍ വോട്ട് ചെയ്തു. 336ല്‍ 266 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലാണ്. 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. 134 സീറ്റുകള്‍ ജയിച്ച് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിക്ക് അധികാരത്തിലേക്ക് എത്താം.