ഗുരുവായൂര്‍ -ആനക്കോട്ടയില്‍ ആനകളെ പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. മര്‍ദനമേറ്റ കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇരുവരില്‍ നിന്നും ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണം തേടിയിരുന്നു. ഇവര്‍ ഇരുവരുമാണ് സ്ഥിരമായി ഈ രണ്ട് ആനകളെയും പരിചരിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ മാറ്റിനിര്‍ത്തിയാല്‍ ആനകളുടെ പരിചരണത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വാദം.
ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളെ അടിക്കുന്ന ദൃശ്യങ്ങളാണുളളത്. കൃഷ്ണ ജയലളിത നടയ്ക്കിരുത്തിയ ആനയാണ്. കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. കേശവന് കുട്ടിയെ തല്ലി എഴുന്നേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.