കൊച്ചി - എക്‌സൈസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതികളെ എക്‌സൈസ് സംഘം ഒരു ദിവസത്തിനകം അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം പെരുമാതുളി നൗഷാദിന്റെ മകന്‍ സയിദലി (22), കൊല്ലം തട്ടമല വടക്കേപാലുവള സുധീറിന്റെ മകന്‍ യാസീന്‍ (21) എന്നിവരെ ഇന്നലെ രാവിലെ കലൂര്‍ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
മൂന്നര കിലോ കഞ്ചാവുമായി ചൊവ്വാഴ്ച റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി എക്‌സൈസിന് കൈമാറിയ പ്രതികള്‍ ബുധനാഴ്ച രാവിലെ 6 മണിയോടെ എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്നാണ് കടന്നു കളഞ്ഞത്. പ്രഭാതകൃത്യത്തിനായി ലോക്കപ്പില്‍ നിന്നു പുറത്തിറക്കിയ ഇരുവരും എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ശേഷം രാവിലെ 7.15ന്റെ ട്രെയിനില്‍ കൊല്ലത്തേക്കാണ് പോയതെന്ന് മനസ്സിലാക്കിയ എക്‌സൈസ് സംഘം കൊല്ലം സ്‌റ്റേഷന്‍ പരിസരത്തും പ്രതികളുടെ വീടുകളിലുമെത്തി അന്വേഷണം ഊര്‍ജിതമാക്കി. എക്‌സൈസ് ഇന്റലിജന്‍സും സൈബര്‍ സെല്ലും അന്വേഷണത്തില്‍ സഹകരിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ എക്‌സൈസ് ഓഫീസില്‍ കീഴടങ്ങാനായി എറണാകുളത്ത് തിരിച്ചെത്തിയ പ്രതികളെ എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 2 കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജെയിലടച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഷാലിമാര്‍ തിരുവനന്തപുരം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നതിന് പിന്നാലെ ബാഗില്‍ 3.240 കിലോഗ്രാം കഞ്ചാവുമായി നടന്നു പോകുകയായിരുന്ന ഇരുവരെയും സംശയം തോന്നിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയ ശേഷം എക്‌സൈസില്‍ ഏല്‍പിക്കുകയായിരുന്നു.