ന്യൂദല്‍ഹി- നിരവധി ശതകോടീശ്വരന്‍മാരുടെ നാടാണ് ഇന്ത്യ. ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും പോലുള്ള വ്യവസായികള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും ധനികരായ വ്യക്തികളാണ്. അമ്പരപ്പിക്കുന്ന ചെറുപ്രായത്തില്‍ വിജയത്തിന്റെ ആഖ്യാനം തിരുത്തിയെഴുതുന്ന ഒരു സംരംഭകനെ പരിചയപ്പെടാം. 27 ാം വയസ്സില്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന നിലയില്‍ സംരംഭക ചരിത്രത്തില്‍ പേള്‍ കപൂര്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.
സൈബര്‍ 365 എന്ന തന്റെ സ്റ്റാര്‍ട്ടപ്പിന്റെ ഉയര്‍ച്ചയുടെ ഫലമായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2023 മെയില്‍ സ്ഥാപിതമായ സൈബര്‍ 365 ഒരു Web3, AI അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്അപ്പ് ആണ്. മൂന്നു മാസം കൊണ്ട് 100 കോടി ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍ ആയി അത് മാറി.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വേഗമേറിയ യൂണികോണ്‍ എന്ന് വാഴ്ത്തപ്പെട്ടു. 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 9,840 കോടി രൂപ) മൂല്യം കൈവരിച്ച കമ്പനിയാണത്.
സൈബര്‍ 365 ന്റെ സ്ഥാപകനും സിഇഒയുമായ പേള്‍ കപൂര്‍, കമ്പനിയിലെ 90% ഓഹരികളും കൈവശം വച്ചുകൊണ്ട് 1.1 ബില്യണ്‍ ഡോളറിന്റെ (9,129 കോടി രൂപ) ശ്രദ്ധേയമായ ആസ്തി നേടി.
ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎസ്‌സി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് (സിഎഫ്എ പാത്ത്‌വേ) ബിരുദധാരിയായ കപൂര്‍, വെബ്3 സാങ്കേതികവിദ്യയുടെ മേഖലയിലെ ഒരു വിദഗ്ധനായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സൈബര്‍ 365ന് മുമ്പ്, പേള്‍ കപൂര്‍ എഎംപിഎം സ്‌റ്റോറിലെ സാമ്പത്തിക ഉപദേഷ്ടാവും ആന്റിയര്‍ സൊല്യൂഷന്‍സിന്റെ ബിസിനസ് അഡൈ്വസറുമായിരുന്നു.