Sorry, you need to enable JavaScript to visit this website.

ഭാഗ്യം കൊണ്ട് മാത്രമാണ് ഈ പ്രവാസി യുവാവ് കൊടും ചതിയില്‍ നിന്ന് രക്ഷപ്പെട്ടത്, അല്ലെങ്കില്‍ ഗള്‍ഫില്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ

മലപ്പുറം - അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാന്‍ പെട്ടി തയ്യാറാക്കുന്നതിനിടെ സുഹൃത്ത് ഏല്‍പ്പിച്ച് പാക്കറ്റ് ഒന്ന് തുറന്ന് നോക്കാന്‍ തോന്നിയത് നന്നായി. അല്ലെങ്കില്‍ മയക്കുമരുന്ന് കേസില്‍ ഗള്‍ഫില്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് ഗള്‍ഫിലേക്ക് പോകുന്നതിനിടെയാണ് സുഹൃത്തായ ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ രഹസ്യമായി കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിന് നല്‍കാനെന്ന പേരിലാണ് ഫൈസലിന്  ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീം (23) ഇറച്ചി അടങ്ങിയ പാക്കറ്റ് നല്‍കിയത്. ഒരു സഹായമല്ലേയെന്ന് കരുതി ഫെസല്‍ ഈ പാക്കറ്റ് വാങ്ങി വെയ്ക്കുകയും ചെയ്തു. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാന്‍ ഫൈസല്‍ തീരുമാനിച്ചു. ഇതിനായി പാക്കറ്റ് തുറന്നപ്പോഴാണ് അതിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.  പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിലായിരുന്നു കഞ്ചാവിന്റെ കുപ്പിയുണ്ടായിരുന്നത്. ഉടന്‍ ഫൈസല്‍ വാഴക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്   ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഷമീമിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

Latest News