Sorry, you need to enable JavaScript to visit this website.

വി. മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായിയോട് സംസാരിക്കും, പിന്നെന്ത് കേന്ദ്രവിരുദ്ധം- വി.ഡി. സതീശന്‍

തിരുവനന്തപുരം- തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ദല്‍ഹിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. ആ കാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷവും ഒപ്പംനില്‍ക്കുന്നു. 14 ാം ധനകാര്യ കമ്മീഷനില്‍നിന്ന് 15 ാം ധനകാര്യ കമ്മീഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 1.92 ആക്കിയതിനെ തങ്ങളും എതിര്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരിന്റെയൊപ്പം സമരത്തിന് പോകാത്തതിന്റെ കാരണം പലതവണ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രത്തിന്റെ അവഗണനയാണെന്ന ആഖ്യാനമുണ്ടാക്കി കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്.

വി. മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ്. എല്ലാ കേസും മുരളീധരനാണ് ഒത്തുതീര്‍പ്പുണ്ടാക്കുന്നത്. പിണറായി വിജയനെതിരെയോ സര്‍ക്കാരിനെതിരെയോ ഏത് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാലും അതെല്ലാം ഒത്തുതീര്‍പ്പിലെത്തിക്കും. പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍നിന്ന് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

 

Latest News