ന്യൂദല്‍ഹി - കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അഗണനയില്‍ പ്രതിഷേധിച്ച് കേരളം ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമര വേദിയില്‍ പിന്തുണയുമായി എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജറിവാള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. കാലചക്രം തിരിയുകയാണെന്ന് ബി ജെ പി ആലോചിച്ചാല്‍ നല്ലത്, നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങള്‍ വരും, അഹങ്കരിക്കരുതെന്നും അദ്ദേഹം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി..
70 കോടി ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് പ്രതിനിധീകരിക്കുന്നത്. .കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം കിട്ടാന്‍ ചെറിയ കാര്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളത്. ജന്തര്‍ മന്തറില് വന്നിരിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇംഗ്ലീഷുകാര്‍ പോലും ഇത്രയും പണം ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചിട്ടില്ല .കേന്ദ്രം അര്‍ഹത പെട്ടത് നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ സംസ്ഥാനം പ്രവര്‍ത്തിക്കും .ഞങ്ങള്‍ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാന്‍ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജയിലില്‍ അടയ്ക്കാന്‍ ഇഡിയെ ഉപയോഗിക്കുകയാണ്. ഇത് നീതി നിഷേധമാണ് .ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു, കുറ്റം എന്തെന്ന് ആര്‍ക്കും അറിയില്ല .നാളെ കെജ്രിവാളും, പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.