അമൃത്‌സര്‍- ഒറ്റ വിദ്യാര്‍ത്ഥിക്ക് വേണ്ടി ഏതെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിക്കുമോ? അങ്ങനെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും നമ്മുടെ രാജ്യത്തുണ്ട്. പഞ്ചാബിലെ ബത്തിന്‍ഡയിലെ കോഥെ ബുദ്ധ് സിംഗ് ഗ്രാമത്തിലുള്ള ഈ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ആകെ ഉള്ളത് ഒരൊറ്റ വിദ്യാര്‍ത്ഥിയാണ്. അവനെ പഠിപ്പിക്കാന്‍ ഒരു അധ്യാപികയും ഉണ്ട്.കഴിഞ്ഞ വര്‍ഷം മേയിലാണ് സരബ്ജിത് കൗര്‍ എന്ന അധ്യാപിക ഈ സ്‌കൂളിലേക്ക് വരുന്നത്. ആ സമയത്ത് സ്‌കൂളിലുണ്ടായിരുന്നത് ഒരേയൊരു കുട്ടിയാണ്. വന്ന സമയത്ത് ഇത് തന്നില്‍ അത്ഭുതവും അപരിചിതത്വവും ഒക്കെയുണ്ടാക്കി എന്ന് സരബ്ജിത് പറയുന്നു. എന്നാല്‍, പിന്നീട് അവര്‍ ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുകയായിരുന്നു. ഈ ഗ്രാമത്തിലെ മറ്റ് കുട്ടികളെല്ലാം പ്രൈവറ്റ് സ്‌കൂളിലാണ് പഠിക്കുന്നത്. ഈ ഒരൊറ്റ കുട്ടിയാണ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത്.
ഗ്രാമത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് സരബ്ജിത് അവരുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് അയക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സര്‍ക്കാര്‍ സ്മാര്‍ട്ട് സ്‌കൂളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. അതൊക്കെ പറഞ്ഞിട്ടും രക്ഷിതാക്കള്‍ അവരുടെ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് സരബ്ജിത് പറയുന്നത്.
ബതിന്‍ഡ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്, നേരത്തെ ഇവിടെ കുറച്ച് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു എന്നാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഒരൊറ്റ കുട്ടി അല്ലാതെ ബാക്കി കുട്ടികളാരും സര്‍ക്കാര്‍ സ്‌കൂളില്‍ വരാതായി. അവന്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത മാസമാണ് അവന് പരീക്ഷ.വെറും ഒരു കുട്ടിക്ക് പഠിക്കാനായി സര്‍ക്കാര്‍ വലിയ തുകയാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്. അടുത്ത വര്‍ഷം അവനും ഉണ്ടാകില്ല. അപ്പോള്‍ സ്‌കൂള്‍ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ആലോചിക്കുന്നത് എന്നും അധികൃതര്‍ പറയുന്നു.