മോസ്‌കോ-അലക്സാണ്ടര്‍ സാദാന് എന്ന റഷ്യക്കാരനായ 23 കാരന്‍ 5239 സത്രീകളില്‍ നിന്ന് വധുവിനെ കണ്ടെത്തിയത് ചാറ്റ്ജിപിടി ഉപയോഗപ്പെടുത്തി. യുവ റഷ്യന്‍ ഐടി പ്രൊഫഷണല്‍ തനിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിക്കുകയായിരുന്നു. ശേഷം അദ്ദേഹം തന്റെ താത്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബോട്ടിന് വ്യക്തമാക്കി നല്‍കി.
അങ്ങനെ, പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ പരിശോധിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചെന്ന് അലക്സാണ്ടര്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് 5,239 പെണ്‍കുട്ടികളില്‍ നിന്ന് തനിക്ക് അനുയോജ്യമായ ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും അയാള്‍ അവകാശപ്പെട്ടു. ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ ചെലവഴിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും അതിനാലാണ് ഈ ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിച്ചതെന്നും അലക്സാണ്ടര്‍ പറയുന്നു. ഡേറ്റിംഗ് സൈറ്റുകളില്‍ വ്യക്തികള്‍ ചെയ്യുന്നതുപോലെ ചാറ്റ് ജിപിടി സ്ത്രീകളുമായി ചാറ്റ് ചെയ്യുകയും ആ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ ഒഴിവാക്കുകയും അലക്സാണ്ടറിനായി ഒരാളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
5,239 സ്ത്രീകളുമായി സംസാരിച്ചതിന് ശേഷം ചാറ്റ് ജിപിടി കരീന ഇമ്രാനോവ്ന എന്ന യുവതിയെ അലക്സാണ്ടറിന് വേണ്ടി തെരഞ്ഞെടുത്തു. ശരിയായ പങ്കാളിയെ തേടി ഏകദേശം ഒരു വര്‍ഷത്തോളം ചെലവഴിച്ച ശേഷമാണ് താനി പരിപാടിക്കായി ഇറങ്ങിയതെന്നും അയാള്‍ പറഞ്ഞു. അലക്സാണ്ടറിന് വേണ്ടി ചാറ്റ് ജിപിടിയാണ് തന്നോട് സംസാരിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കരീന അസ്വസ്ഥതയൊന്നും പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഇരുവരും ഇന്ന് വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നു.ബ്രോക്കര്‍മാരില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളിലേക്കും പിന്നെ ഡേറ്റിംഗ് ആപ്പിലേക്കും കൂടുകൂട്ടിയ വൈവാഹിക സൗഹൃദങ്ങള്‍ ബന്ധങ്ങള്‍ ഇനി ചാറ്റ് ജിപിടിയിലേക്കും വ്യാപിക്കുകയാണ്