Sorry, you need to enable JavaScript to visit this website.

സാഹിത്യ അക്കാദമി: വിവാദങ്ങളുടെ രാഷ്ട്രീയം


കേരളത്തിനാവശ്യം ഗൃഹാതുരത്വ ഗാനമല്ല. സവർണതയേയും ഫ്യൂഡലിസത്തേയും രാജഭരണത്തേയും പ്രകീർത്തിക്കുന്ന ഗാനമല്ല. ഇല്ലാത്ത അവകാശ വാദങ്ങളിലും മുൻകാല പോരാട്ടങ്ങളിലും അഭിരമിക്കുന്ന ഗാനമല്ല. പ്രകൃതി സൗന്ദര്യത്തെ പ്രകീർത്തിക്കുന്ന ഗാനമല്ല. സമസ്ത മേഖലകളിലും പ്രതിസന്ധി നേരിടുന്ന നാടിന് മുന്നോട്ടു പോകാനുള്ള ഉൗർജ്ജവും രാഷ്ട്രീയവും പ്രദാനം ചെയ്യുന്ന ഗാനമാണ്. ഏറ്റവും ചുരുങ്ങിയത് പദം പദം ഉറച്ചു നാം എന്നു തുടങ്ങുന്ന പഴയ ഐക്യകേരളഗാനത്തിന്റെ തുടർച്ചയെങ്കിലുമാകണമത്.  

 

ഒരു വശത്ത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വേവലാതികളും പരസ്പരമുള്ള പഴിചാരലും ഒപ്പം തുച്ഛം വരുന്ന സാമൂഹ്യപെൻഷൻ പോലും ലഭിക്കാതെ ജീവിക്കാൻ പാടുപെടുന്ന ലക്ഷക്കണക്കിനു പേർ. മറുവശത്ത് കേരളീയം, നവകേരള സദസുകൾ, ചലചിത്ര - നാടക - സാഹിത്യോത്സവങ്ങൾ. തീർച്ചയായും വൻ സാമ്പത്തിക വരുമാനമുള്ള യുജിസിക്കാരും കാര്യമായ സാമ്പത്തിക പ്രശ്‌നമൊന്നുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരും മറ്റുമാണ് ഉത്സവങ്ങളിലെ പങ്കാളികൾ. പട്ടിണി മാറുന്നതുവരെ ആഘോഷങ്ങൾ പാടില്ല എന്നല്ല പറയുന്നത്. എല്ലാം ആവശ്യം തന്നെ. പക്ഷെ അതും ചർച്ച ചെയ്യേണ്ടതുണ്ടെന്നു മാത്രം.

സാഹിത്യോത്സവങ്ങളാണ് പുതിയ ട്രെന്റ്. ഏതാനും വർഷം മുമ്പ് ഡി സി ബുക്‌സാണ് അത് തുടങ്ങിവെച്ചത്. പിന്നീട് മാതൃഭൂമി. ഇപ്പോഴിതാ സാഹിത്യ അക്കാദമി. കൂടാതെ പ്രാദേശികമായി നിരവധി. മിക്കവാറും സംഘാടകരുടെ അവകാശവാദം അന്താരാഷ്ട്ര സാഹിത്യോത്സവം എന്നാണ്. എന്നാൽ 90 ശതമാനവും പങ്കെടുക്കുന്നത് കേരളത്തിൽ നിന്നുള്ളവർ. വളരെ കുറച്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്. അതിനേക്കാൾ വളരെ കുറവാണ് പുറത്തുനിന്നുള്ളവർ. എല്ലാ സാഹിത്യോത്സവങ്ങളിലും വിഷയങ്ങൾ മിക്കവാറും സമാനം. പങ്കെടുക്കുന്നവരും അങ്ങനെതന്നെ. സെഷനുകളുടേയും സംസാരിക്കുന്നവരുടേയും എണ്ണമാണ് പരിപാടിയുടെ വിജയം എന്നാണ് സംഘാടകരെല്ലാം കരുതിയിരിക്കുന്നത് എന്നു തോന്നുന്നു. അതിനാൽ അളവുപരമായാണ് മത്സരം നടക്കുന്നത്, ഗുണപരമായല്ല. 

അക്കാദമിയുടെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ രണ്ടു പ്രധാന വിവാദങ്ങൾ തന്നെ നോക്കുക. പ്രതിഫലത്തെ കുറിച്ചുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണവുമായി ബന്ധപ്പെട്ടതാണ് ഒന്ന്. എറണാകുളത്തുനിന്ന് തൃശൂർവരെ ടാക്‌സിക്ക്  വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം തനിക്കു ചെലവായത്  3500 രൂപയാണെന്നും ലഭിച്ചതു 2400 രൂപയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽനിന്ന്  കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എനിക്ക് വേറെ പണിയുണ്ട് - എന്നിങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകൾ.

സത്യത്തിൽ അക്കാദമി ഉദ്ദേശിച്ചത് സെക്കന്റ് ക്ലാസ് എ സി ചാർജ്ജായിരുന്നു. എന്നാലത് കൃത്യമായി പങ്കെടുക്കുന്നവരെ അറിയിക്കണമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ അതു കൃത്യമായി ചെയ്യുന്നു.  അവസാനം അക്കാദമിയിലെ ഒരു ജീവനക്കാരെ കുറ്റപ്പെടുത്തുകയാണ് മന്ത്രിയടക്കം ചെയ്യുന്നത്. പ്രസിഡന്റ് പറയുന്നു, മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി പ്രതീകാത്മകമായി പ്രതിഫലം നൽകാനാണ് ശ്രമിച്ചതെന്ന്. പണത്തിന് എന്തു പ്രതീകാത്മകം? പ്രതിഫലമില്ല, ടി എ മാത്രം എന്നു കൃത്യമായി പറയണമായിരുന്നു. അല്ലെങ്കിൽ ആളുകളുടെ എണ്ണം കുറച്ച് കഴിയുന്ന പ്രതിഫലം നൽകാൻ ശ്രമിക്കുക.  എന്തായാലും സർക്കാർ സ്ഥാപനവും സ്വകാര്യ സ്ഥാപനവും നടത്തുമ്പോഴുള്ള വ്യത്യാസമാണ് ഇവിടെ പ്രകടമായത്. അതേ സമയം മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. തങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്നത്  അവഗണനയും വിവേചനവും എന്ന ചുള്ളിക്കാടിന്റെ ആരോപണത്തിൽ വലിയ കാര്യമൊന്നുമില്ല. അവരെല്ലാം വരുമാനം ഉണ്ടാക്കുന്നുണ്ട്. കവിതയോ? 

ചുള്ളിക്കാട് കൊളുത്തിയ തീയണയുംമുമ്പേ ശ്രീകുമാരൻ തമ്പിയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്.  സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം മറുപടി അറിയിച്ചില്ലെന്നും മറ്റുള്ളവരെ കൊണ്ട് എഴുതിച്ചു എന്നുമായിരുന്നു തമ്പിയുടെ പരാതി. മൂവായിരത്തിലധികം ഗാനങ്ങളുടെ രചയിതാവായ താൻ ഒരു സ്വയം പ്രഖ്യാപിത ഗദ്യകവിക്കുമുന്നിൽ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗമാണ് പ്രധാനമായും ഉണ്ടായിരുന്നതെന്ന സച്ചിദാനന്ദന്റെ പ്രതികരണം. പിന്നീട് വളരെ മോശമായിരുന്നു തമ്പിയുടെ പ്രതികരണം.  
സത്യത്തിൽ ഭൂതകാല കുളിരുകളിൽ രമിക്കുന്ന ഒരാളോട് കേരളഗാനം എഴുതാനാവശ്യപ്പെട്ട അക്കാദമി തങ്ങൾക്ക് വ്യക്തമായ സാംസ്‌കാരിക രാഷ്ട്രീയം ഇല്ലെന്നു തന്നെയാണ് വ്യക്തമാക്കിയത്. കേരളത്തിനാവശ്യം ഗൃഹാതുരത്വ ഗാനമല്ല. സവർണതയേയും ഫ്യൂഡലിസത്തേയും രാജഭരണത്തേയും പ്രകീർത്തിക്കുന്ന ഗാനമല്ല. ഇല്ലാത്ത അവകാശ വാദങ്ങളിലും മുൻകാല പോരാട്ടങ്ങളിലും അഭിരമിക്കുന്ന ഗാനമല്ല. പ്രകൃതി സൗന്ദര്യത്തെ പ്രകീർത്തിക്കുന്ന ഗാനമല്ല. സമസ്ത മേഖലകളിലും പ്രതിസന്ധി നേരിടുന്ന നാടിന് മുന്നോട്ടു പോകാനുള്ള ഉൗർജ്ജവും രാഷ്ട്രീയവും പ്രദാനം ചെയ്യുന്ന ഗാനമാണ്. ഏറ്റവും ചുരുങ്ങിയത് പദം പദം ഉറച്ചു നാം എന്നു തുടങ്ങുന്ന പഴയ ഐക്യകേരളഗാനത്തിന്റെ തുടർച്ചയെങ്കിലുമാകണമത്.  അത്തരമൊന്നെഴുതാൻ കഴിവുള്ള കവികൾ ജീവിച്ചിരിപ്പുണ്ട് എന്നു തോന്നുന്നില്ല. 
ഈ വിവാദങ്ങളിലെല്ലാം അന്തർലീനമായ വിഷയം സാംസ്‌കാരിക രാഷ്ട്രീയത്തിന്റേതാണ്. അഥവാ അതില്ലാത്തതിന്റേതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ജനകീയ പ്രതിപക്ഷം എന്നതാകണം സാംസ്‌കാരിക രാഷ്ട്രീയം.
പുറത്തുനിന്നു വരുന്നവരാകട്ടെ ഒരുപക്ഷെ കാര്യങ്ങൾ കൃത്യമായി അറിയാത്തതിനാലാകണം കേരളത്തേയും ഭരണത്തേയും പ്രകീർത്തിക്കുന്ന കാഴ്ചക്ക് ഈ ഉത്സവവും സാക്ഷ്യം വഹിച്ചു. ഉദാ. പ്രകാശ് രാജ് തന്നെ. ദൈവങ്ങളുടെ സ്വന്തം നാട്, എന്നാൽ ദൈവങ്ങൾക്ക് ഒരു സ്വാധീനവുമില്ലാത്ത നാട്, ഹിന്ദുത്വരാഷ്ട്രീയത്തിന് സ്വാധീനമില്ലാത്ത നാട് തുടങ്ങി പല വിശേഷങ്ങളും അദ്ദേഹം പറയുന്നുണ്ടായിരുന്നു. സത്യമെന്താണ്? ഇന്നു കേരളത്തിൽ ശക്തിപ്പെടുന്ന രാഷ്ട്രീയം ഹിന്ദുത്വമല്ലാതെന്ത്? ഇസ്ലാമോഫോബിയ ശക്തമായ സംസ്ഥാനങ്ങളിൽ ഒന്നല്ലേ ഇത്? തെരഞ്ഞെടുപ്പിൽ സീറ്റൊന്നും കിട്ടുന്നില്ലെങ്കിലും സാംസ്‌കാരികമായി നമ്മളിന്ന് എവിടെയാണ്? കേരളത്തിലെ സാഹിത്യോത്സവങ്ങളും മറ്റും ഹിന്ദുത്വഫാസിസത്തിനെതിരായ പ്ലാറ്റ് ഫോമുകളാണെന്നു അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രീയം എന്ന സെഷൻ പോലുമുണ്ടായില്ല.  പരമാവധിയുണ്ടായത് മതരാഷ്ട്രം എന്ന്. കേരളത്തിലെ എഴുത്തുകാർ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തിയായി പോരാടുന്നവരാണെന്നും അദ്ദേഹം ധരിച്ചതായി തോന്നി. സച്ചിദാനന്ദൻ മാഷെ തന്നെ പലവട്ടം ഉദ്ധരിച്ചു. എന്നാൽ ബാബ്‌രി മസ്ജിദ് തകർത്തതിനു ശേഷം പോലും ബിജെപി ഭരിക്കുമ്പോൾ ദൽഹിയിൽ സാംസ്‌കാരിക അധികാര സ്ഥാനത്ത് അദ്ദേഹം ഇരുന്നിട്ടില്ലേ? പച്ചയായ പല യാഥാർത്ഥ്യങ്ങളും മറച്ചുവെച്ചാണ് നാം ഉത്സവങ്ങളിൽ ആറാടുന്നത് എന്ന് സാരം. 

Latest News