ന്യൂദല്‍ഹി- ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈനികര്‍ റഷ്യയില്‍ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യയും പാക്കിസ്ഥാനുമുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെബര്‍ക്കുള്‍ പട്ടണത്തില്‍ വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിനിടെയാണ് നൃത്തരംഗം ക്യാമയില്‍ പതിഞ്ഞത്.
2017 ജൂണില്‍ ഷാങ്ഹായ് കോഓപ്പറേഷനില്‍ സ്ഥിരാംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനിക അഭ്യാസം നടത്തിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സൈനികാഭ്യാസമാണ് റഷ്യയില്‍ ഇരു സേനകളും നടത്തിയത്.
പീസ് മിഷന്‍-2018 എന്ന് പേരിട്ട സംയുക്ത സൈനിക പരിശീലത്തിന് നേതൃത്വം നല്‍കിയത് റഷ്യയിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനാണ്.
ഇരുരാജ്യങ്ങളുടേയും പട്ടാളക്കാര്‍ നൃത്തം ചെയ്യുന്ന വിഡിയോ ന്യൂദല്‍ഹിയിലെ റഷ്യന്‍ എംബസിയും ട്വീറ്റ് ചെയ്തു. സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും യഥാര്‍ഥ അര്‍ഥം വ്യക്തമാക്കുന്ന വിഡിയോ എന്ന തലക്കെട്ടിലാണ് ഡാന്‍സ് ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.