- ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളെന്ന് ഐ.എൻ.എൽ
കോഴിക്കോട് - അയോധ്യയിൽ രാമക്ഷേത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും തുടർന്ന് ജന്മഭൂമി പത്രത്തിൽ ലീഗ് നേതാക്കളെക്കുറിച്ചുള്ള എഡിറ്റോറിയൽ പ്രസ്താവങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചതായി ഐ.എൻ.എൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസും പ്രസ്താവനയിൽ അറിയിച്ചു.
ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളാണ് പറഞ്ഞുവെക്കുന്നത്. മുൻകാലങ്ങളിലും ചില മുസ്‌ലിം ലീഗ് നേതാക്കൾ രാമക്ഷേത്ര വിഷയത്തിൽ ഇത്തരം നിലപാടുകൾ എടുത്തിട്ടുണ്ടായിരുന്നു എന്നും തങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന ചില രാഷ്ട്രീയ സമ്മർദ്ദങ്ങളാലാവാം എന്നുമുള്ള ജന്മഭൂമിയുടെ പരാമർശം അത്യന്തം ഗൗരവതരമാണ്. എന്ത് രാഷ്ട്രീയ സമ്മർദ്ദമാണ് പാണക്കാട് തങ്ങൾക്ക് മേലുള്ളതെന്ന് അദ്ദേഹവും ജന്മഭൂമിയും വ്യക്തമാക്കണം. പാണക്കാട് തങ്ങൾക്കുമേൽ ചെലുത്തപ്പെടുന്ന ഇത്തരം സമ്മർദ്ദങ്ങൾ സമുദായത്തിന്റെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം നിലപാടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ഏറെ അപകടകരമാണ്.
ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അക്കാര്യങ്ങൾ ലീഗ് സമുദായത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം സത്യവിരുദ്ധ മുഖപ്രസംഗം എഴുതിയതിനു ജന്മഭൂമിക്കെതിരെ കേസ് കൊടുക്കാൻ ലീഗ് തന്റേടം കാണിക്കണമെന്നും ഐ.എൻ.എൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാനിരിക്കുന്ന പുതിയ മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന സാദിഖലി തങ്ങളുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരുന്നു. ഇതിനെ ന്യായീകരിച്ചും എതിർത്തും ഒെേട്ടറെ പേർ രംഗത്തുവന്നതിന് പിന്നാലെ സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ഇന്ന് ജന്മഭൂമി പത്രം മുഖപ്രസംഗം എഴുതിയിരുന്നു.
രാമക്ഷേത്രത്തെ പിന്തുണച്ചുള്ള ലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാർഹവും കൗതുകകരവുമാണെന്നാണ് മുഖപ്രസംഗത്തിലുള്ളുത്. 'അയോധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നതായി വ്യക്തിപരമായ സംഭാഷണത്തിൽ ലീഗിന്റെ ചില നേതാക്കളും മുൻകാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ആ നിലപാട് പരസ്യമായി പറയാൻ അവരാരും തയ്യാറായിരുന്നില്ല. അയോധ്യാ പ്രക്ഷോഭത്തെയും രാമക്ഷേത്രത്തെയും രാഷ്ട്രീയമായ കാരണങ്ങളാലും വർഗീയ പ്രീണനത്തിന്റെ ഫലമായും എതിർത്തുപോന്നവർക്കൊപ്പം നിൽക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിട്ടുള്ളത്. അയോധ്യയിൽ വൈദേശികാടിമത്വത്തിന്റെ കളങ്കം പേറി നിലനിന്നിരുന്ന തർക്കമന്ദിരം മസ്ജിദായി ചിത്രീകരിച്ച് അത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞുനടന്നവർക്കൊപ്പം ഒരു പാർട്ടിയെന്ന നിലയിൽ ലീഗുമുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ നിലപാടിനെ ഭാവാത്മകമായി കാണേണ്ടത്.
രാമക്ഷേത്രത്തോടുള്ള മുസ്‌ലിംലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുവരുണ്ടാവാം. എന്നാൽ നല്ല കാര്യങ്ങൾ എപ്പോൾ ചെയ്താലും വൈകിയെന്ന് പറയാനാവില്ലെന്നും 'അയോധ്യാ രാമക്ഷേത്രം ലീഗിനോട് പറയുന്നത്' എന്ന തലക്കെട്ടിലെഴുതിയ ജന്മഭൂമി എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി.