Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ

തൃശൂർ- കേരള സംഗീത നാടക അക്കാദമിയുടെ 14-ാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്-2024) ഈ മാസം 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. 
'ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്റെ ആശയം. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നത്.
തെരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ടു ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കുന്നു. 14-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ 9ന് ആക്ടർ മുരളി തിയേറ്ററിൽ ബ്രസീലിയൻ തദ്ദേശീയ രാഷ്ട്രീയ വിഷയങ്ങളെ നാല് ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന 'അപത്രിദാസ്' എന്ന പോർച്ചുഗീസ് ഭാഷാ നാടകം വൈകീട്ട് 7.45ന് അരങ്ങേറും. ദൃശ്യശ്രാവ്യാനുഭവങ്ങളുടെ മികവോടെ അന്നേ ദിവസം വൈകീട്ട് 3 മണിക്ക് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിൽ അരങ്ങേറുന്ന 'മാട്ടി കഥ' ദൽഹിയിലെ ട്രാം ആർട്‌സ് ട്രസ്റ്റ്‌ന്റെ പ്രൊഡക്ഷനാണ്. തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ടിൽ അന്നേ ദിവസം ദൽഹി ദസ്താൻ ലൈവിന്റെ 'കബീര ഖദാ ബസാർ മേ' കാണികൾക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നു. കബീർ സൂക്തങ്ങളെ കോർത്തിണക്കി റോക്ക് ഒപേറ സ്‌റ്റൈലിൽ എം.കെ. റെയിന രൂപകൽപന ചെയ്ത ഈ നൂതന രംഗാവിഷ്‌ക്കാരം നാടകോത്സവത്തിന്റെ ആദ്യദിവസത്തെ സംഗീതസാന്ദ്രമാക്കും.
മികച്ച സാങ്കേതിക മികവോടെ കാണികളിലേക്ക് എല്ലാ നാടകങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ആർടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ 14-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായ 23 നാടകങ്ങളുടെയും വേദികൾ സജ്ജമായി. കേരള സംഗീത നാടക അക്കാദമിയ്‌ക്കൊപ്പം രാമനിലയം, സ്‌കൂൾ ഓഫ് ഡ്രാമ കാമ്പസുകളും തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ടും ടൗൺ ഹാളും നാടകോത്സവത്തിന്റെ വേദികളാണ്.
ലോകം യുദ്ധത്തിന്റെ ദുരന്തത്തിൽ പെട്ടുഴലുമ്പോൾ നാടകം കൊണ്ട് പ്രതിരോധിക്കുന്ന ഒരു കൂട്ടം നാടകസംഘങ്ങൾ തൃശൂർ രാജ്യാന്തര നാടകോത്സവത്തിന്റെ ഭാഗമാവുന്നു. 'അല്ലെ ആർമി' എന്ന ഇറ്റാലിയൻ നാടകവും 'ഹൗ ടു മേക്ക് എ റവൊല്യൂഷൻ' എന്ന ഫലസ്തീൻ നാടകവുമെല്ലാം യുദ്ധം ബാധിച്ച ജനതയുടെ പ്രതിരോധങ്ങളാണ്. എപിക് തിയേറ്റർ മൂവ്‌മെന്റിലൂടെ വിശ്വവിഖ്യാതനായിത്തീർന്ന നാടകകൃത്ത് ബ്രെടോൾഡ് ബ്രെഹതിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പ്രമുഖ നാടക സംവിധായകൻ ബെൻസി കൗൾ സംവിധാനം ചെയ്ത 'സൗദാഗർ', ബ്രെഹത്തിന്റെ ജീവിതം അനുസ്മരിപ്പിക്കുന്ന 'ബീച്ചാര ബി ബി' തുടങ്ങിയ നാടകങ്ങളും അരങ്ങേറുന്നുണ്ട്. 
നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും, ദേശീയ/അന്തർദേശീയ നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും, സംഗീതനിശകൾ, തിയേറ്റർ ശിൽപശാലകൾ എന്നിവയും അരങ്ങേറും. ഫെബ്രുവരി 10 മുതൽ 16 വരെ രാമനിലയം കാമ്പസിലെ ഫാവോസ് (ഫ്രം ആഷസ് ടു ഓപ്പൺ സ്ൈക) തിയേറ്ററിൽ ഉച്ചയ്ക്ക് 1.30ന് വിവിധ വിഷയങ്ങളെ അധികരിച്ച പാനൽ ചർച്ചകളും സംവാദനാത്മക സെഷനുകളും നടക്കും. 
നാടകോത്സവത്തിന്റെ ഭാഗമായി 'സ്ത്രീകളും തീയേറ്ററും' എന്ന വിഷയത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ കിലയിൽ വനിതാ നാടക പ്രവർത്തകർക്കായി നാടക ശിൽപശാല സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത നാടക പ്രവർത്തകരായ അനുരാധ കപൂർ, സഞ്ചിത മുഖർജി, നീലം മാൻസിങ്, എം.കെ. റൈന, സജിത മഠത്തിൽ എന്നിവരാണ് ശിൽപശാല നയിക്കുന്നത്. കുടുംബശ്രീ, കില എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശിൽപശാലയിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് രണ്ട് കുടുംബശ്രീ പ്രതിനിധികൾ വീതം പങ്കെടുക്കും. 
അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടിൽ 9നു വൈകീട്ട് അഞ്ചിന് നടക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവരുടെ സാന്നിധ്യത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ 14-ാമത് അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പാലസ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും.
തെന്നിന്ത്യൻ സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ രോഹിണി മുഖ്യാതിഥിയാകും. ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ 14-ാമതു അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആശയവും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.

Latest News