ന്യൂദൽഹി- ഇരുപത് വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകൻ തിരിച്ചെത്തിയത് സന്യാസിയായി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. 22 വർഷം മുമ്പ് വീടുവിട്ടിറങ്ങിയ യുവാവ് കഴിഞ്ഞ ദിവസം തിരിച്ചെത്തി അമ്മയിൽനിന്ന് ഭിക്ഷ സ്വീകരിച്ച് വീണ്ടും വീടുവിട്ടിറങ്ങി. പതിനൊന്നാമത്തെ വയസിലാണ് പിങ്കു എന്നയാൾ വീട്ടിൽനിന്നും ഇറങ്ങിയത്. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ അമ്മയിൽനിന്ന് ഭിക്ഷ യാചിക്കുന്നതിന്റെയും മറ്റും രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സന്യാസിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച ഇയാൾ, മൂന്ന് തന്ത്രികളുള്ള പരമ്പരാഗത സംഗീത ഉപകരണമായ സാരംഗി വായിക്കുകയും അമ്മയോട് ഭിക്ഷ അഭ്യർത്ഥിക്കുമ്പോൾ വിഷാദ രാഗങ്ങൾ ആലപിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
ജനപ്രിയ നാടോടിക്കഥകളിലെ കേന്ദ്ര കഥാപാത്രമായ ഭർത്തരി രാജാവിനെ കുറിച്ചുള്ള സമാനമായ ഒരു കഥയുമായാണ് ഇയാൾ നാടോടി ഗാനങ്ങൾ ആലപിക്കുന്നത്. സമ്പന്നമായ രാജ്യം ഉപേക്ഷിച്ച് രാജാവ് എങ്ങിനെയാണ് സന്യാസിയാകുന്നത് എന്നതാണ് ആ കഥ. ഏറെ നാളുകൾക്ക് ശേഷം തിരിച്ചെത്തിയ മകൻ പാടുമ്പോൾ, അമ്മ ഭാനുമതി കരയുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, അമ്മയിൽനിന്ന് ഭിക്ഷ വാങ്ങിയ പിങ്കു അധികം വൈകാതെ വീണ്ടും വീടുവിട്ടിറങ്ങി. തന്റെ സന്ദർശനം കുടുംബ ബന്ധങ്ങളുടെ ഭാഗമായല്ല, മറിച്ച് മതപരമായ ആചാരപ്രകാരമായിരുന്നുവെന്ന് പിങ്കു വ്യക്തമാക്കി. പിങ്കു വിശ്വസിക്കുന്ന സന്യാസ പാരമ്പര്യത്തിൽ, സന്യാസിമാർ അമ്മയിൽ നിന്ന് ദാനം സ്വീകരിക്കുന്ന ഒരു ചടങ്ങ് പൂർത്തിയാക്കണമെന്നുണ്ട്. ഈ പ്രതീകാത്മക പ്രവൃത്തി സന്യാസ ജീവിതത്തിലേക്കുള്ള അവരുടെ ഔദ്യോഗിക പരിവർത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്. അതേസമയം, തന്റെ മകനെ സന്യാസ സംഘം പിടിച്ചുവെച്ചിരിക്കുകയാണെന്നും തിരിച്ചു ലഭിക്കാൻ പതിനൊന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും അമ്മ ആരോപിച്ചു. തന്റെ കയ്യിൽ 11 ലക്ഷം പോയിട്ട് 11 രൂപ പോലുമില്ലെന്നും അമ്മ പറഞ്ഞു.