ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡിനെതിരെ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. യൂണിഫോം സിവില്‍ കോഡ് അല്ല ഇത് ഹിന്ദു കോഡ് ആണെന്നാണ് ഒവൈസി വിമര്‍ശിച്ചത്. ഉത്തരാഖണ്ഡിലെ ഏകീകൃത സിവില്‍ കോഡ് നിയമത്തില്‍ നിന്നും ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയതിനെയും ഉവൈസി രൂക്ഷമായി പ്രതികരിച്ചു. ആദിവാസികളെ ഒഴിവാക്കിയാല്‍ അതിനെ യൂണിഫോം എന്ന് വിളിക്കാനാകില്ലെന്നാണ് ഉവൈസി അഭിപ്രായപ്പെട്ടത്.
ഏകീകൃത സിവില്‍ കോഡ് മുസ്‌ലിം വിഭാഗത്തെ മാത്രമാണ് ബാധിക്കപ്പെടുന്നത്. മറ്റൊരു മതവും സംസ്‌കാരവും പിന്തുടരാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഉവൈസി സൂചിപ്പിച്ചു. ശരിയത്ത് നിയമം, ഹിന്ദു വിവാഹ നിയമം, എസ്എംഎ, ഐഎസ്എ എന്നിവയ്ക്ക് വിരുദ്ധമായതിനാല്‍ പാര്‍ലമെന്റിന് മാത്രമേ ഈ ബില്‍ നിയമമാക്കാന്‍ കഴിയൂ എന്നും ഉവൈസി അഭിപ്രായപ്പെട്ടു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ ഇസ്‌ലാം മതവും പാരമ്പര്യവും അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിം വിഭാഗം മറ്റൊരു സംസ്‌കാരം പിന്തുടരേണ്ടതായി വരും എന്നും ഉവൈസി കുറ്റപ്പെടുത്തി.