Sorry, you need to enable JavaScript to visit this website.

രാഹുല്‍ ചൈനീസ് ഗാന്ധിയാണോ? കൈലാസ തീര്‍ത്ഥാടനം ചൈന വഴി ആക്കിയതിനെതിരെ ബി.ജെ.പി

ന്യൂദല്‍ഹി- നീട്ടിവച്ച തീര്‍ത്ഥാടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈലാസ് മാനസരോവര്‍ യാത്ര പുറപ്പെടുന്ന ദിവസം തന്നെ അദ്ദേഹത്തിന്റെ യാത്രയില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി. രാഹുലിനെ യാത്രയാക്കാന്‍ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ദല്‍ഹി എയര്‍പോര്‍ട്ടിലെത്തിലെത്തിയത് എന്തിനെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. താങ്കള്‍ രാഹുല്‍ ഗാന്ധിയാണെന്നും ചൈനീസ് ഗാന്ധിയല്ലെന്നും ഓര്‍ക്കണമെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു.

എല്ലാ പ്രസംഗങ്ങളിലും ചൈനയെ പരാമര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഇന്ത്യയെ അല്ലെന്നും പത്ര കുറ്റപ്പെടുത്തി. രാഹുലിന് നാള്‍ക്കുനാള്‍ ചൈനയോടുള്ള വാത്സല്യം കൂടിവരികയാണ്. ജനാധിപത്യത്തിന്റെ വികേന്ദ്രീകരണം ചൈനയില്‍നിന്ന് പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ചൈനയോട് ഇത്രമാത്രം സ്‌നേഹം. എന്തുകൊണ്ടാണ് ഇന്ത്യയുടെ വക്താവ് ആകാതെ ചൈനയുടെ വക്താവാകുന്നത്- ബി.ജെ.പി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചൈനയോട് രാഹുല്‍ ജിക്ക് ഏതോ തീരാ ബാധയുണ്ട്. എല്ലാ കാര്യങ്ങളിലും എന്തുകൊണ്ടാണ് രാഹുല്‍ ചൈനീസ് കാഴ്ചപ്പാട് അന്വേഷിക്കുന്നത്. ഇന്ത്യന്‍ കാഴ്ചപ്പാടിനോട് അദ്ദേഹത്തിന് താല്‍പര്യമില്ല. അവിടെ ഏതൊക്കെ രാഷ്ട്രീയക്കാരെയാണ് അദ്ദേഹം കാണുന്നത്- ബി.ജെ.പി വക്താവ് ചോദിച്ചു. രാഹുല്‍ ഗാന്ധി 15 ദിവസത്തെ കൈലാസ് മാനസരോവര്‍ തീര്‍ഥക്ക് പുറപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന്റെ യാത്രയുടെ യഥാര്‍ഥ ലക്ഷ്യം അന്വേഷിച്ച് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്.ഇന്ത്യയും ചൈനയും തമ്മില്‍ ദോക് ലാം സംഘര്‍ഷം നിലനില്‍ക്കെ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡറെ കണ്ടത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സംബിത് പത്ര ആരോപിച്ചു.

Latest News