Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി കൈയില്‍നിന്ന് വഴുതി പവാര്‍, ഇന്ത്യ സഖ്യത്തിന് മറ്റൊരാഘാതം

ന്യൂദല്‍ഹി- തിരിച്ചടികള്‍ക്ക് മാത്രം വിധിക്കപ്പെട്ട സഖ്യമായി മാറുകയാണോ ഇന്ത്യ സഖ്യം. മമതയും കെജ്രിവാളും ഉടക്കി. നിതീഷ് വിട്ടുപോയി. ഇപ്പോഴിതാ സഖ്യത്തിലെ മറ്റൊരു അതികായനായ എന്‍.സി.പി നേതാവ് പവാറു പ്രതിസന്ധിയിലായിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചതാണ് സീനിയര്‍ പവാറിന് തിരിച്ചടിയായത്. എന്‍.സി.പി. സ്ഥാപക നേതാവു കൂടിയായ ശരദ് പവാറിനു കനത്ത തിരിച്ചടിയാണ് കമ്മിഷന്റെ തീരുമാനം. എം.എല്‍.എമാരില്‍ ഏറിയ പങ്കും അജിതിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ് പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്‌നവും അവര്‍ക്കു നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പുതിയ പേരു സ്വീകരിക്കാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്‌നവും തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭയിലെ 81 എന്‍.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍.സി.പിയുടെ ഔദ്യോഗിക ചിഹ്‌നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.
മഹാ വികാസ് അഘാടി (എം.വി.എ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍.സി.പി. പിളര്‍ത്തി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനാ-ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെയാണ് അജിത് കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് പിതൃസഹോദരനായ ശരദ് പവാറിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാര്‍ട്ടിയാണ് യഥാര്‍ഥ എന്‍.സി.പിയെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് കത്തയക്കുകയും ചെയ്തു.

 

Latest News