Sorry, you need to enable JavaScript to visit this website.

'ഫാസിസ്റ്റ് വിരുദ്ധര്‍ സായുധ മുസ്ലിം, ദളിത് സംഘടനകളെ ഒന്നിപ്പിക്കുന്നു'; കോടതിയില്‍ പൂനെ പോലീസ്

പൂനെ- എഴുത്തുകാരും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ അഞ്ച് പ്രമുഖരെ രണ്ടു ദിവസം മുമ്പ് അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വിചിത്ര വാദങ്ങള്‍. ബ്രാഹ്മണ ഫാസിസ്റ്റ് ഹിന്ദു ശക്തികള്‍ക്കെതിരെ പൊരുതാന്‍ ദളിത്, മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലെ സായുധരാവരെ ഉപയോഗപ്പെടുത്തുന്ന മാവോയിസ്റ്റുകളുടെ പദ്ധതിയുമായി അറസ്റ്റിലായ പ്രമുഖര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. അഖിലേന്ത്യാ തലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരണം എന്ന തലക്കെട്ടിലുള്ള രേഖയാണ് കഴിഞ്ഞി ദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ജനങ്ങളുടെ സായുധ സംഘങ്ങളെ സംഘടിപ്പിക്കുന്നതു സംബന്ധിച്ചാണ് ഈ രേഖയില്‍ പറയുന്നതെന്നും ഗ്രാമങ്ങള്‍ തൊട്ട് വലിയ പട്ടണങ്ങളും നഗരങ്ങളും ഉള്‍പ്പെടെ എല്ലായിടത്തും ഈ മുന്നണി പ്രവര്‍ത്തനം നടക്കണമെന്നും രേഖയിലുണ്ട്.

പ്രമുഖരുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന വാദമുഖങ്ങള്‍ ഉന്നയിക്കുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല പവാറാണ് ഈ രേഖകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ജൂണ്‍ ആറിന് അറസ്റ്റിലായവരില്‍ നിന്നും പോലീസ് പിടിച്ചെടുത്ത രേഖകളിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ഇവ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചില്ല. ഈ രേഖകള്‍ പരിശോധിച്ച ഇന്ത്യന്‍ എക്‌സപ്രസ് ആണ് ഇതിലെ ഉള്ളടക്കം പുറത്തു വിട്ടത്.

ദളിത് സംഘങ്ങള്‍ ഗുജറാത്തിലും ദക്ഷിണ തമിഴ്‌നാട്ടിലും ശക്തിപ്പെട്ടുവരുന്നുണ്ടെന്നും കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവടങ്ങൡലെ മുസ്ലിം ന്യൂനപക്ഷ സംഘടനകള്‍ നൂറുകണക്കിനാളുകള്‍ക്ക് സായുധ പരിശീലനം നല്‍കി വരുന്നുണ്ടെന്നും ഈ രേഖയില്‍ പരാമര്‍ശിക്കുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരണം എന്ന ആശയം സിപിഐ മാവോയിസ്റ്റിന്റെ ഈസ്റ്റേണ്‍ റീജനല്‍ ബ്യൂറോ യോഗത്തിലാണ് ചര്‍ച്ച ചെയ്തതെന്നും ഇതു നടന്നത് 2015 ഡിസംബര്‍ 21, 24 തീയതികളിലാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ബ്രാഹ്മണ, ഫാസിസ്റ്റ് ഹിന്ദു സംഘടനയായ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപി അധികാരത്തിലേറിയതിയതാണ് ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ പ്രേരകമായതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

പൂനെ പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും ചിന്തകരുമായ വരവര റാവു, അരുണ്‍ ഫെരേരിയ, വെര്‍നന്‍ ഗോന്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ് എന്നിവര്‍ നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ അംഗങ്ങളായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇവരുടെ അറസ്റ്റിനെതിരെ പ്രമുഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരെ ജയിലിലടക്കരുതെന്ന് ബുധനാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്ന സെപ്തംബര്‍ ആറു വരെ ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. 

Latest News