Sorry, you need to enable JavaScript to visit this website.

കേന്ദ്ര അവഗണനക്കെതിരെ ദല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം

ന്യൂദല്‍ഹി - കേന്ദ്ര അവഗണനക്കെതിരെ ദല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ , എം.പിമാര്‍ തുടങ്ങിവര്‍ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.  
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച തുടരവെ കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പൂര്‍ണമായും അവഗണിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് സമരം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ നടത്തുന്ന സമരം ചരിത്രപരമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത് വെറുമൊരു രാഷ്ട്രീയ പ്രേരിതസമരല്ലെന്നും കര്‍ണാടകയുടെ ആവശ്യങ്ങള്‍ക്കായുള്ള സമരമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബി ജെ പിയുടെ ജനപ്രതിനിധികളേയും സരമത്തിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ അവര്‍ക്ക് ധൈര്യമില്ല. കര്‍ണാടകയോട് മാത്രമല്ല മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തിന്റെ അവഗണനയുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടികാണിച്ചു. ബിജെപിക്ക് കര്‍ണാടകയില്‍ 25 എംപിമാരുണ്ട്. എന്നാല്‍, ഒറ്റയൊരാള്‍ക്കുപോലും പ്രധാനമന്ത്രിയോടോ ധനമന്ത്രി നിര്‍മല സീതാരാമനോടോ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ധൈര്യമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനം ഇപ്പോള്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. ദുരിതാശ്വാസ ഫണ്ടനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കുന്നുപോലുമില്ലെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ നിന്നുള്ള 135 എംഎല്‍എമാരും 28 എംഎല്‍എസിമാരും ഒരു ലോക്‌സഭ എംപിയും 5 രാജ്യസഭ എംപിമാരുമാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്്. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ  കേരള സര്‍ക്കാരിന്റെ സമരം നാളെ ജന്തര്‍മന്തറില്‍ നടക്കും.  പ്രതിഷേധത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എം.എല്‍.എമാരും ദല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാര്‍ അടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News