ന്യൂദൽഹി- അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് ജാമ്യം. ലാലുവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവിക്കും ദൽഹി കോടതി ജാമ്യം അനുവദിച്ചു. പരോൾ കാലാവധി കഴിഞ്ഞ ശേഷം ഇന്നലെ റാഞ്ചി ജയിലിൽ തിരികെ പ്രവേശിച്ച ലാലുവിനും രാഷ്ട്രീയ ജനതാദളിനും ആശ്വാസം നൽകുന്നതാണ് കോടതി വിധി. ജാമ്യഹരജി പരിഗണിച്ച് അധികം വൈകാതെ ജഡ്ജി വിധി പറഞ്ഞു. ഇരുപത്തിയെട്ടുകാരനായ തേജസ്വി യാദവും അമ്മ റാബറി ദേവിയും കോടതിയിൽ എത്തിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ പിൻഗാമി എന്നറിയപ്പെടുന്ന തേജസ്വി യാദവിന്റെ പേരിൽ നിരവധി അഴിമതി കേസുകളാണുള്ളത്. ബിഹാറിൽ ആർ.ജെ.ഡി-ജെ.ഡി.യു സഖ്യം തകർന്ന ശേഷമാണ് ഈ കേസുകൾ വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ലാലു പ്രസാദ് യാദവ് ജയിലിലായ ശേഷം കടുത്ത വിമർശനമാണ് ബിഹാറിലെ നിതീഷ് കുമാർ സർക്കാറിനെതിരെ തേജസ്വി യാദവ് ഉയർത്തുന്നത്. തേജസ്വി യാദവിനെ ജയിലിൽ അടക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസവും ലാലു പ്രസാദ് യാദവ് ആരോപിച്ചിരുന്നു. 2017 ജൂലൈയിൽ നിതീഷ് കുമാർ ആർ.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബി.ജെ.പി മുന്നണിയിൽ ചേർന്ന ഉടനെയാണ് തേജസ്വി യാദവിന്റെ പേരിൽ കേസെടുത്തത്. നിതീഷ് കുമാറിന്റെ കീഴിലുള്ള സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പാറ്റ്‌നയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക് ഹോട്ടൽ സ്ഥാപിക്കാൻ കൈമാറി എന്നതാണ് തേജസ്വി യാദവിന്റെയും റാബറി ദേവിയുടെയും പേരിലുള്ള കേസ്. ലാലു പ്രസാദ് യാദവ് റെയിൽ മന്ത്രിയായിരിക്കേ ആദ്യം റാബറി ദേവിയുടെയും തേജസ്വി യാദവിന്റെയും പേരിലേക്ക് കുറഞ്ഞ വിലക്ക് കൈമാറിയെന്നും അവർ പിന്നീട് ഹോട്ടലിന് നൽകിയെന്നുമാണ് കേസ്.