ന്യൂദൽഹി-ഗ്യാൻവാപി കേസിൽ ഹിന്ദുപക്ഷത്തിനും ഉത്തർപ്രദേശ് സർക്കാറിനുമിടയിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നതായി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയിൽ. കേസിൽ കക്ഷിയല്ലാത്ത ഉത്തർപ്രദേശ് സർക്കാറിന്റെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ എത്തിയതോടെയാണ് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ നഖ് വി ഇക്കാര്യം പറഞ്ഞത്. കേസിൽ ഹിന്ദു പക്ഷം ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും അപലപനീയമാണെന്നും നഖ്‌വി പറഞ്ഞു. എന്തിനാണ് അഡ്വക്കേറ്റ് ജനറൽ ഇവിടെ ഹാജരായിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാർ ഈ കേസിൽ കക്ഷിയല്ല. ഹിന്ദു കക്ഷികളും സംസ്ഥാന സർക്കാറും തമ്മിൽ എന്തെങ്കിലും ഉണ്ടോയെന്നും നഖ് വി ചോദിച്ചു. ഹിന്ദു കക്ഷികളും സംസ്ഥാന സർക്കാറും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. എന്നാൽ അദ്ദേഹം കോടതിയെ സഹായിക്കുകയാണെന്ന് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു. നിങ്ങൾ കോടതിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണോയെന്നും ബഞ്ച് ചോദിച്ചു.
ഈ കേസിൽ സംസ്ഥാന സർക്കാർ ഉചിതമായ കക്ഷിയാണെന്നും വിഷയത്തിൽ ഇടപെടാൻ നേരത്തെ നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും ബഞ്ച് പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സമയം വേണമെന്ന് ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ന് വീണ്ടും പരിഗണിക്കും.