ന്യൂദല്‍ഹി - ഡോളറിനെതിരായ ഇടിവില്‍നിന്ന് ഇന്ത്യന്‍ രൂപ കരകയറുന്നു. യു.എസ് ബോണ്ട് യീല്‍ഡിലെ ഇടിവാണ് ഇന്ത്യന്‍ രൂപ ശക്തിപ്പെടാന്‍ കാരണം. ഇത് മിക്ക ഏഷ്യന്‍ കറന്‍സികളുടേയും മൂല്യം ഉയരാന്‍ സഹായിച്ചു.
രാവിലെ യു.എസ് ഡോളറിനെതിരെ 82.9825 (യു.എ.ഇ ദിര്‍ഹം 22.6) എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ചൊവ്വാഴ്ച ഏകദേശം 0.3% ഇടിഞ്ഞതിന് ശേഷം ഡോളര്‍ സൂചിക 104.1 ന് സമീപം സ്ഥിരത പുലര്‍ത്തി. ഫെഡറല്‍ റിസര്‍വ് എപ്പോള്‍ പോളിസി നിരക്കുകള്‍ ലഘൂകരിക്കാന്‍ തുടങ്ങുമെന്ന സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനാല്‍ 10 വര്‍ഷത്തെ യു.എസ് ട്രഷറി യീല്‍ഡ് ചൊവ്വാഴ്ച 8 ബേസിസ് പോയിന്റ് (ബിപിഎസ്) താഴ്ന്ന് 4.08 ശതമാനമായി.
ഡോളര്‍-രൂപ വിനിമയം വീണ്ടും സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രാദേശിക എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരില്‍നിന്നുള്ള ഡിമാന്‍ഡ് കുറയുന്നത് കുറവിന് കാരണമാകുമെന്ന് സ്വകാര്യ ബാങ്കിലെ വിദേശ വിനിമയ വ്യാപാരി പറഞ്ഞു.
ഇന്തോനേഷ്യന്‍ റുപിയയും ഫിലിപ്പീന്‍സ് പെസോയും ഏകദേശം 0.2% വീതം നേട്ടമുണ്ടാക്കി. കഴിഞ്ഞ രണ്ട് സെഷനുകളിലായി രൂപ 'ചെറിയ ശ്രേണികളില്‍' നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇത് ബുധനാഴ്ചയും നിലനില്‍ക്കുമെന്ന് ഫിന്റെക്‌സ് ട്രഷറി അഡൈ്വസേഴ്‌സിലെ ട്രഷറി മേധാവി അനില്‍ കുമാര്‍ ബന്‍സാലി പറഞ്ഞു.