ന്യൂഡൽഹി - കോൺഗ്രസിനെതിരേ രൂക്ഷ വിമർശവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർല്ലമെന്റിൽ. ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോഡി പറഞ്ഞു.
മല്ലികാർജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്ന് മോഡി പരിഹസിച്ചു. ചീഫ് കമാൻഡർ ദൽഹിയിൽ ഇല്ലാത്തതുകൊണ്ടാണ് മല്ലികാർജുൻ ഖർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയ്ക്ക് നന്ദിയുണ്ട്. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണ്. എൽ.ഐ.സിയുടെ ഓഹരി വില ഇന്ന് റെക്കോഡിലാണ്. 234-ൽ നിന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 254 ആയി. രാഹുൽ ഇതുവരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും മോഡി കളിയാക്കി.
തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് അടിയറവെച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷാനിയമം കോൺഗ്രസ് മാറ്റിയില്ലെന്നു ചോദിച്ച മോഡി, ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുന:സ്ഥാപിച്ചത് ബ.പി.യാണ്. ബി.ആർ അംബേദ്ക്കർക്ക് ഭാരത രത്‌ന നല്കാൻ കോൺഗ്രസ് തയ്യാറായില്ല. പിന്നാക്ക വിഭാഗത്തിലെ സീതാറാം കേസരിയെ കോൺഗ്രസ് തെരുവിൽ എറിഞ്ഞുവെന്നും ആദിവാസി മഹിള രാഷ്ട്രപതിയാകുന്നതിനെ കോൺഗ്രസ് എതിർത്തുവെന്നും മോഡി പറഞ്ഞു.