ലാഹോര്‍- തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും തിരഞ്ഞെടുപ്പ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പാഷിന്‍ ജില്ലയിലാണ് ആദ്യ ആക്രമണം നടന്നതെന്ന് പ്രവിശ്യാ സര്‍ക്കാരിന്റെ വക്താവ് ജാന്‍ അചക്‌സായി പറഞ്ഞു. ആക്രമണത്തില്‍ 14 പേരെങ്കിലും കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
ബലൂചിസ്ഥാനിലെ ഖില്ലാ സൈഫുള്ള പട്ടണത്തില്‍ രാഷ്ട്രീയക്കാരനായ ഫസ്‌ലുര്‍ റഹ്മാന്റെ ജംഇയ്യത്തുല്‍ ഉലമ ഇസ്‌ലാം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫീസില്‍ നടന്ന മറ്റൊരു സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.
പാകിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു ദിവസം മുമ്പ് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. കെയര്‍ടേക്കര്‍ ആഭ്യന്തര മന്ത്രി ഗോഹര്‍ ഇജാസ് ബോംബാക്രമണത്തെ അപലപിച്ചു.
അടുത്തിടെ ബലൂചിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് സമാധാനം ഉറപ്പാക്കാന്‍ പതിനായിരക്കണക്കിന് പോലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും പാക്കിസ്ഥാനിലുടനീളം വിന്യസിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലുള്ള വാതക സമ്പന്നമായ ബലൂചിസ്ഥാന്‍ പ്രവിശ്യ രണ്ട് പതിറ്റാണ്ടിലേറെയായി ബലൂച് ദേശീയവാദികളുടെ കലാപത്തിന്റെ വേദിയാണ്.