Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാദിഖലി തങ്ങളെ പ്രശംസിച്ച് ജന്മഭൂമി; അയോധ്യ പ്രസ്താവന സ്വാഗതാർഹം

കൊച്ചി- അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രസ്താവനയെ പ്രകീർത്തിച്ച് ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി. ലീഗിന്റെ നിലപാട് സ്വാഗതാർഹമാണെന്നും രാമക്ഷേത്രത്തെ അനുകൂലിക്കുന്ന നിലപാടാണ് ലീഗ് നേതാക്കാൾ നേരത്തെയും സ്വകാര്യമായി സ്വീകരിച്ചിരുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

മുഖപ്രസംഗത്തിൽനിന്ന്; 
രാമക്ഷേത്രത്തെ പിന്തുണച്ചുള്ള മുസ്ലിംലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാർഹവും കൗതുകകരവുമാണ്. രാമക്ഷേത്ര നിർമാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും, ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിൽ നിർമിച്ചിരിക്കുന്ന രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിർമിച്ചതെന്നും ലീഗിന്റെ അധ്യക്ഷൻ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതിൽ തീർച്ചയായും പുതുമയുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നതായി വ്യക്തിപരമായ സംഭാഷണത്തിൽ ലീഗിന്റെ ചില നേതാക്കൾ മുൻകാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ആ നിലപാട് പരസ്യമായി പറയാൻ അവരാരും തയ്യാറായിരുന്നില്ല. അയോധ്യാ പ്രക്ഷോഭത്തെയും രാമക്ഷേത്രത്തെയും രാഷ്ട്രീയമായ കാരണങ്ങളാലും വർഗീയ പ്രീണനത്തിന്റെ ഫലമായും എതിർത്തുപോന്നവർക്കൊപ്പം നിൽക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിട്ടുള്ളത്. അയോധ്യയിൽ വൈദേശികാടിമത്വത്തിന്റെ കളങ്കം പേറി നിലനിന്നിരുന്ന തർക്കമന്ദിരം മസ്ജിദായി ചിത്രീകരിച്ച് അത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞുനടന്നവർക്കൊപ്പം ഒരു പാർട്ടിയെന്ന നിലയിൽ ലീഗുമുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ നിലപാടിനെ ഭാവാത്മകമായി കാണേണ്ടത്.

രാമക്ഷേത്രത്തോടുള്ള മുസ്ലിംലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാൽ നല്ല കാര്യങ്ങൾ എപ്പോൾ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. സംസ്ഥാനത്ത് മുസ്ലിങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികളുമുണ്ട്. മതവിശ്വാസികളായ മുസ്ലിങ്ങളെ ഏറ്റവും കൂടുതൽ പ്രതിനിധീകരിക്കുന്നത് മുസ്ലിംലീഗാണ്. രാഷ്ട്രീയത്തിലും ഭരണത്തിലും അവർ പ്രബല ശക്തിയുമാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുടെ കരുത്തുപോലും ലീഗാണ്. സമുദായത്തിലും രാഷ്ട്രീയത്തിലുമുള്ള ലീഗിന്റെ ഈ സ്ഥാനം പിടിച്ചെടുക്കാനാണ് മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റ് ചില സംഘടനകൾ നോക്കുന്നത്. ഇക്കാര്യത്തിൽ ചിലപ്പോഴൊക്കെ ലീഗിന് ആശങ്കയുള്ളതായും തോന്നിയിട്ടുണ്ട്. ഇവരോട് മത്സരിക്കേണ്ട സ്ഥിതിയുമുണ്ട്. അതൊക്കെ എന്തുതന്നെയായിരുന്നാലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങൾക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്. രാമക്ഷേത്രം മുസ്ലീങ്ങൾക്കെതിരല്ലെന്നും, തർക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കിൽ അത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണെന്നും അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ തുടക്കംമുതൽ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ. മുസ്ലിംലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേർന്നതിൽ രാഷ്ട്രീയ സമ്മർദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്ക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം.

പ്രാണപ്രതിഷ്ഠയ്ക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടും പോകാത്ത പാർട്ടികളുണ്ട്. പക്ഷേ മന്ത്രിപദവികളും പാർട്ടി പദവികളും വഹിക്കുന്നവർ നേതൃത്വത്തിന്റെ എതിർപ്പ് വകവയ്ക്കാതെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുകയുണ്ടായി. അയോധ്യാ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും, രാമജന്മഭൂമിയിൽ ക്ഷേത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയുടെ വർഗീയ രാഷ്ട്രീയമാണെന്ന് വിമർശിച്ചവർ ഇപ്പോൾ പറയുന്നത് രാമൻ ആരുടെയും സ്വകാര്യ സ്വത്തല്ല എന്നാണ്. രാമൻ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആരും പറഞ്ഞിരുന്നില്ല. മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അതീതമായി രാമൻ എല്ലാവരുടേതുമാണെന്നും, അതുകൊണ്ട് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പിന്തുണക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനെ അംഗീകരിക്കാതിരുന്നതാണ് പ്രശ്‌നപരിഹാരം ഇത്രയും നീണ്ടുപോകാൻ കാരണം.

Latest News