കല്‍പറ്റ- വയനാടിന്റെ ചിരകാല സ്വപ്‌നമായ നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സതേണ്‍ റെയില്‍വേ മുന്നോട്ടുപോകുമ്പോള്‍ 'പാര'യുമായി കര്‍ണാടകയിലെ പരിസ്ഥിതി പ്രസ്ഥാനം. ബന്ദിപ്പുര കടുവ സങ്കേതത്തിലൂടെ റെയില്‍പാളം നിര്‍മിക്കുന്നതിനു അനുമതി നല്‍കരുതെന്നും കേരളത്തിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്കു വഴങ്ങരുതെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മൈസൂരുവില്‍ ഡപ്യൂട്ടി കമ്മീഷണറുടെ പഴയ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി.
മൈസൂരു ഗന്ധഡഗുഡി ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ദേശീയപാത 766ല്‍ ബന്ദിപ്പുര വനഭാഗത്ത് ബാധകമാക്കിയ രാത്രിയാത്ര നിയന്ത്രണം നിലനിര്‍ത്തുക, ബന്ദിപ്പുര വനപ്രദേശത്ത് റോഡ് വീതികൂട്ടുന്നതിനുള്ള നീക്കം നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ' സേവ് ബന്ദിപ്പുര' ഓണ്‍ലൈന്‍ കാമ്പയിന് ഫൗണ്ടേഷന്‍ തുടക്കമിട്ടു. ബന്ദിപ്പുര വനത്തിലൂടെയുള്ള റെയില്‍ ഗതാഗതം വന്യജീവികളുടെ സൈ്വര ജീവിതത്തിനു വിഘാതമാകുമെന്ന നിലപാടിലാണ് ഗന്ധഡഗുഡി ഫൗണ്ടേഷന്‍.
നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനും അന്തിമ സ്ഥലനിര്‍ണയത്തിനുമുള്ള വിവരശേഖരണം കര്‍ണാടക ഭാഗത്ത് സതേണ്‍ റെയില്‍വേ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. 2016 ല്‍ റെയില്‍വേ ബോര്‍ഡ് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയുടെ ഡി.പി.ആര്‍ തയാറാക്കാന്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്താന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തി. സര്‍വേ പകുതിയോളം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പദ്ധതി മരവിപ്പിച്ചു. ഈ അവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് പദ്ധതിയുടെ ഡി.പി.ആര്‍ അന്തിമ സ്ഥലനിര്‍ണയ സര്‍വേക്കു സതേണ്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷല്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. വൈകാതെ ഇതിനു 5.9 കോടി രൂപ അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായിരുന്നു.
ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ വഴിയാണ് നിര്‍ദിഷ്ട പാതയുടെ അലൈന്‍മെന്റിനു ഇരുവശവും 300 മീറ്റര്‍ വീതിയില്‍ സ്ഥലത്തിന്റെ വിശദമായ പഠനത്തിന് വിവരശേഖരണം നടത്തിയത്. ഉപഗ്രഹ സര്‍വേയിലൂടെ പാതയുടെ അലൈന്‍മെന്റ് നിര്‍ണയം നേരത്തേ നടത്തിയിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള വിവരശേഖരണം ജനുവരി 29നാണ് പൂര്‍ത്തിയാക്കിയത്. നിലമ്പൂര്‍ ഭാഗത്തുനിന്നാണ് സര്‍വേ ആരംഭിച്ചത്. നിര്‍ദിഷ്ട പാതയില്‍ 28.07 കിലോമീറ്ററാണ് വനത്തിലൂടെ കടന്നുപോകേണ്ടത്.