Sorry, you need to enable JavaScript to visit this website.

പൂപ്പാറയില്‍ ഒഴിപ്പിക്കല്‍ തുടങ്ങി, സംഘര്‍ഷ സാധ്യത, വന്‍ പോലീസ് സന്നാഹം

ഇടുക്കി - ആറാഴ്ചക്കുള്ളില്‍  ഇടുക്കി പൂപ്പാറ പന്നിയാര്‍ പുഴയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന്  കഴിഞ്ഞ മാസം  ഹൈക്കോടതി  ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഒഴിപ്പിക്കല്‍ തുടങ്ങി. പ്രദേശത്തു സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വന്‍ പോലീസ് സംഘമുണ്ട്. ദേവികുളം സബ് കളക്ടറൂടെ നേതൃത്വത്തിലാണ് നടപടികള്‍. കടകള്‍ മാത്രം ഒഴിപ്പിക്കും. വീടുകള്‍ക്ക് നോട്ടീസ് നല്‍കും. ജനുവരി പതിനേഴാം തിയ്യതിയാണ് കോടതി വിധി പ്രസ്താവിച്ചത്.

റവന്യു വകുപ്പ് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത്  എന്ന് വ്യാപാരികളും പ്രദേശവാസികളും  അര്‍പ്പിക്കുന്നു. ഞങ്ങള്‍ കൈയേറ്റക്കാരല്ല കുടിയേറ്റക്കാരാണ് എന്നും പൂപ്പാറ നിവാസികള്‍ പറയുന്നു.

പൂപ്പാറ പന്നിയാര്‍ പുഴ കൈയേറി പുത്തന്‍പുരക്കല്‍ ബിജു കുമാരന്‍,തഷ്‌ക്കന്റ് നാഗയ്യ എന്നിവര്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ചൂണ്ടിക്കാട്ടി ബി ജെ പി ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 2022 ഡിസംബറില്‍ കേരളാ ഹൈക്കോടതിയെ സമീപിക്കുകയും പരാതി ഫയലില്‍ സ്വീകരിച്ച കോടതി അനധികൃത നിര്‍മാണം പരിശോധിച്ച് നടപടിയെടുക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. റവന്യു വകുപ്പിന്റെ നടപടിക്ക് എതിരെ ഇരുവരും കോടതിയെ സമീപിക്കുകയും പന്നിയാര്‍ പുഴയുടെ തീരത്ത് ഇത്തരത്തില്‍ കൈയേറി പ്രവര്‍ത്തിക്കുന്ന  നിരവധി കെട്ടിടങ്ങള്‍ ഉണ്ട് എന്ന് കോടതിയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യു വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളും വീടുകളൂം ഉള്‍പ്പെടെ 56 അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തി അമിക്കസ്‌കുറി ഹരീഷ് വാസുദേവന്‍ മുഖേന ഈ റിപ്പോര്‍ട്ട്  കോടതിയില്‍  സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറാഴ്ചക്കുള്ളില്‍  പൂപ്പാറ പന്നിയാര്‍ പുഴയിലെ 56  കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് റവന്യു വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്ത് വിലകൊടുത്തും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് വിധിയില്‍ പറഞ്ഞിട്ടുള്ളത്.
പുഴ കൈയേറ്റംതടഞ്ഞുകൊണ്ടുള്ള വിധി പൂപ്പാറക്ക് മാത്രമല്ല, സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്നും കോടിക്കണക്കിന് കാര്‍ബണ്‍ ഫണ്ട് വാങ്ങി ഇടുക്കിയെ ഒറ്റപ്പെടുത്താന്‍ ഉള്ള നീക്കത്തെ കോടതിയും സര്‍ക്കാരും തിരിച്ചറിയണമെന്നും വ്യാപാരികള്‍ പറയുന്നു.
അറുപത് വര്‍ഷമായി താമസിച്ചു വരുന്ന വീടും നാടും ഉപേക്ഷിക്കാന്‍ തയാറല്ല എന്നും പൂപ്പാറ നിവാസികള്‍ പറഞ്ഞു. ഉടുമ്പഞ്ചോല താലൂക്കിലെ തമിഴ് നാട് അതിര്‍ത്തി മേഖലയാണ് പൂപാറ.

 

Latest News