ടോക്കിയോ-കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാന്‍' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നില്‍ ജനിച്ച കരോലിന ഷിനോ. ഉക്രെയ്നിലാണ് ഷിനോ ജനിച്ചു വളര്‍ന്നത് എന്നതിനാല്‍ തന്നെ കിരീടത്തെ ചൊല്ലി വന്‍ വിവാദമുയര്‍ന്നിരുന്നു. ഉക്രെയ്നില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ എങ്ങനെയാണ് മിസ് ജപ്പാനാവുക എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു കാരണത്തിന്റെ പേരില്‍ തനിക്ക് ലഭിച്ച മിസ് ജപ്പാന്‍ കിരീടം തിരികെ നല്‍കിയിരിക്കയാണ് 26 -കാരിയായ ഷിനോ.
വിവാഹിതനായ ഒരാളുമായി ഷിനോയ്ക്ക് ബന്ധമുണ്ടെന്ന് ഒരു വാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 'ഷുകന്‍ ബുന്‍ഷുന്‍' വാരികയാണ് വിവാഹിതനും ഇന്‍ഫ്ളുവന്‍സറുമായ തകുമ മേദ എന്ന ഡോക്ടറുമായി ഷിനോയ്ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ആദ്യം മത്സരത്തിന്റെ സംഘാടകര്‍ ഷിനോയെ ന്യായീകരിച്ചിരുന്നു. ഡോക്ടര്‍ വിവാഹിതനാണ് എന്ന വിവരം ഷിനോയ്ക്ക് അറിയില്ല എന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഷിനോ തന്നെ പിന്നീട് അയാള്‍ വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടാണ് പ്രണയിച്ചത്. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് രംഗത്തു വരികയായിരുന്നു.
ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അവളുടെ മോഡല്‍ ഏജന്‍സിയായ ഫ്രീ വേവ് പറയുന്നത്, ആദ്യം ഡോക്ടര്‍ സിംഗിള്‍ ആണെന്ന് പറഞ്ഞാണ് ഷിനോയുമായി പ്രണയത്തിലായത്. എന്നാല്‍, പിന്നീട് ഇയാള്‍ വിവാഹിതനാണ് എന്ന് വ്യക്തമായിട്ടും ഷിനോ ബന്ധം തുടരുകയായിരുന്നു എന്നാണ്.
'ഞാന്‍ ക്ഷമ ചോദിക്കുന്നു, എന്നെ പിന്തുണച്ചവരെ ഞാന്‍ ചതിച്ചു' എന്നാണ് ഷിനോ പറഞ്ഞത്. 'ഭയവും സങ്കോചവും കൊണ്ടാണ് താന്‍ ഇതുവരെ സത്യം വെളിപ്പെടുത്താതിരുന്നത്' എന്നും അവര്‍ പറഞ്ഞു. മത്സരത്തിന്റെ സംഘാടകരും വിധികര്‍ത്താക്കളോടക്കം ക്ഷമ ചോദിച്ചിട്ടുണ്ട്. അമ്മ ഒരു ജാപ്പനീസുകാരനെ രണ്ടാം വിവാഹം ചെയ്തതോടെയാണ് ഷിനോ തന്റെ അഞ്ചാമത്തെ വയസ്സില്‍ ജപ്പാനിലെത്തിയത്.